സഊദിയില്‍ ഏഴ് പേര്‍ കൂടി മരിച്ചു ; 1362 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ ഇന്ന് ഏഴ് പേര്‍ മരണപെട്ടതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 176 ആയി. പുതുതായി 1362 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 25459 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇന്ന് 210 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ ഇതുവരെ 3765 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി.നിലവില്‍ 21518 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. ഇവരില്‍ 139 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു.ഇന്ന് രോഗം ബാധിച്ചവരില്‍ 91 ശതമാനം വിദേശികളും ഒമ്പത് ശതമാനം സ്വദേശികളുമാണ്. രോഗബാധിതരില്‍ 89 ശതമാനം പുരുഷന്മാരും 11 ശതമാനം സ്ത്രീകളുമാണ്. കുട്ടികളില്‍ മൂന്ന് ശതമാനമാണ് രോഗബാധിതര്‍.

മേഖലാടിസ്ഥാനത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ് 282 പേര്‍ക്ക്. മറ്റു ഭാഗങ്ങളിലെ വിവരങ്ങള്‍ : ജിദ്ദ 245 , മക്ക 244 , റിയാദ് 161 , ദമ്മാം 126, അല്‍കോബാര്‍ 81 , ജുബൈല്‍ 80 , ഹുഫൂഫ് 64, ഖമീസ് മുശൈത്ത് 21 , ദിരിയ 19, ബുറൈദ 16, താഇഫ് 13, റാസ്തനൂറ 9 , അല്‍ഖര്‍ജ് 6 , ബെയ്ശ് 5, ബഖീഖ് 4 , നാരിയ 3 , ബല്‍ജുര്‍ശി 3, ബിഷ 2, ദമ്മാം 2 , അല്‍മജാരിദ 2 , ഖുന്‍ഫുദ 2, അറാര്‍ 1, അല്‍ദര്‍ബ് 1 , മഹായില്‍ 1 , തുര്‍ബ 1 , മിദ്‌നബ് 1 എന്നിങ്ങനെയാണ് ഇന്ന് പ്രാദേശിക തലത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച കോവിഡ് ബാധ.ഫീല്‍ഡ് ടെസ്റ്റിംഗ് കുറെ കൂടി വ്യവസ്ഥാപിതമായി നടപ്പിലാക്കുമെന്നും വിവിധ പ്രവിശ്യകളില്‍ ലേബര്‍ ക്യാമ്പുകളും വീടുകളും കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ സംഘങ്ങളുടെ സ്‌കോഡ് വര്‍ക്ക് ഊര്‍ജ്ജിതമാക്കുമെന്നും ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. പ്രമേഹം , ഹൃദ്രോഗം , കരള്‍ രോഗം , വൃക്കരോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ , 55 വയസ്സിന്ന് മുകളിലുള്ളവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ സൂക്ഷ്മത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

SHARE