സഊദിയില്‍ പുതുതായി 1122 പേര്‍ക്ക് കൂടി കോവിഡ് ;1490 പേര്‍ക്ക് രോഗമുക്തി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് സഊദിയില്‍ ഇന്ന് ആറ് പേര്‍ കൂടി മരണപെട്ടു. ഇതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 103 ആയി. 1122 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 10484 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1490 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി ആസ്പത്രി വിട്ടതായും അദ്ദേഹം അറിയിച്ചു. 8891 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. മേഖലാടിസ്ഥാനത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ തന്നെയാണ് . മക്ക 402 , റിയാദ് 200 , ജിദ്ദ 186 , മദീന 120 , ദമ്മാം 78 ,ഹുഫൂഫ് 63 , ജുബൈല്‍ 39 , താഇഫ് 16, അല്‍കോബാര്‍ 5 , അബഹ 3 , ബുറൈദ 3 , നജ്‌റാന്‍ 3 , അല്‍മദ്ദ 1 , യാമ്പു 1 , സുല്‍ഫി 1 , ദിരിയ 1 എന്നിവിടങ്ങളിലാണ് ഇന്നലെ രോഗബാധ കണ്ടെത്തിയത്. ഫീല്‍ഡ് പരിശോധന തുടങ്ങിയ ശേഷമാണ് രോഗബാധയുള്ളവരുടെ എണ്ണത്തില്‍ വര്ധനവുണ്ടായത്. ഇത് മൂലം രോഗമുള്ള എല്ലാവരെയും കണ്ടത്തി ചികില്‍സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രാലയ അധികൃതര്‍ പറഞ്ഞു. സ്വദേശികളോടൊപ്പം വിദേശികളും പൂര്‍ണ്ണമായി സഹകരിച്ചാല്‍ കോവിഡ് ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്കും രാജ്യത്തിനും മുക്തി നേടാന്‍ സാധിക്കുമെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു .

SHARE