സഊദിയില്‍ കോവിഡ് മരണം 97 ; മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

അഷ്റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് സഊദിയില്‍ ഇന്നലെ രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് പേര് കൂടി മരണപെട്ടു. ഇതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 97 ആയി. കോവിഡ് ബാധിച്ച് സഊദിയില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം പത്തായി ഉയര്‍ന്നു . മക്കയിലും മദീനയിലുമാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. 32 പേര്‍ വീതം പുണ്യ നഗരങ്ങളില്‍ കോവിഡ് ബാധ മൂലം ഇതിനകം മരണമടഞ്ഞു. ജിദ്ദയില്‍ പതിനേഴ് പേരും റിയാദില്‍ നാല് പേരും ഹൊഫൂഫില്‍ മൂന്ന് പേരും ഇവരിലുള്‍പ്പെടുന്നു. ദമാം , ഖതീഫ് , തബൂക്ക് , അല്‍ഖോബാര്‍ , ഖമീസ് മുശൈത്ത് , ബുറൈദ , ജിസാന്‍, ജുബൈല്‍, ബിദായിയ്യ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ഇതുവരെ മരണമടഞ്ഞത്. അതീവ ജാഗ്രതയിലാണ് രാജ്യം. കടുത്ത നിയന്ത്രണങ്ങളിലൂടെ രോഗം പടരുന്നത് തടയാന്‍ പരമാവധി ശ്രമിച്ചു വരികയാണ് സഊദി ഭരണകൂടം.

കോവിഡ് 1088 പേര്‍ക്ക് ഇന്നലെ രോഗനിര്‍ണ്ണയം നടത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 9362 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1398 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി ആസ്പത്രി വിട്ടതായും അദ്ദേഹം അറിയിച്ചു. 7867 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. മേഖലാടിസ്ഥാനത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ തന്നെയാണ് . ജിദ്ദ , ദമാം, മദീന, ഹൊഫുഫ് , റിയാദ് എന്നീ നഗരങ്ങളിലും എണ്ണത്തില്‍ കാര്യമായ വര്‍ധന രേഖപെടുത്തിയിട്ടുണ്ട് . മക്ക 251 , ജിദ്ദ 210, ദമ്മാം 194 , മദീന 177 , ഹുഫൂഫ് 123 , റിയാദ് 85 , സുല്‍ഫി 9 , താഇഫ് 7 , യാമ്പു 6 , ദഹ്റാന്‍ 4 , ഹാഇല്‍ 4 , റാസ്തനൂറ 3 , ഉനൈസ 3 , ജുബൈല്‍ 3 , തബൂക്ക് 2 , റാബിഗ് 2 , അല്‍ബാഹ 1 , മഹായില്‍ 1, അല്‍ഖര്‍ജ് 1 , അല്‍ഐസ് 1 , ബെയ്ശ് 1 എന്നിവിടങ്ങളിലാണ് ഇന്നലെ രോഗബാധ കണ്ടെത്തിയത്.

സഊദിയില്‍ മരിച്ച ഇന്ത്യക്കാരില്‍ നാല് പേര്‍ ജിദ്ദയിലും നാല് പേര്‍ മദീനയിലും ഓരോ പേര്‍ വീതം മക്ക, റിയാദ് എന്നിവിടങ്ങളിലുമാണ്. ഇവരില്‍ എട്ട് പേര്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ് . റിയാദില്‍ മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശി എന്‍ പി സഫ്വാനും (35), മദീനയില്‍ കണ്ണൂര്‍ പൂക്കോം സ്വദേശി പാലക്കണ്ടിയില്‍ ഷബ്നാസു(30)മാണ് മരിച്ച രണ്ട് മലയാളികള്‍. മക്കയില്‍ ഹറം പവര്‍ സ്റ്റേഷന് കീഴില്‍ ജീവനക്കാരനായ തെലുങ്കാന സ്വദേശി ഖാന്‍ അസ്മത്തുള്ള (65), ജിദ്ദയില്‍ മുംബൈ സ്വദേശിയായ മുഹമ്മദ് ഫക്ക് റേ ആലം (52),ഒരു മാന്‍പവര്‍ കമ്പനിയില്‍ ജീവനക്കാരനായ ഉത്തര്‍ പ്രദേശിലെ ഗാസിപുര്‍ സ്വദേശി ബദ്രെ ആലം (41), തെലുങ്കാന സ്വദേശി മുഹമ്മദ് സാദിഖ്(54), ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് അസ്ലംഖാന്‍(51) , മദീനയില്‍ പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ഇലക്ട്രിക്കല്‍ ടെക്‌നിഷ്യനായ മുംബൈ സ്വദേശി ബറകത്ത് അലി അബ്ദുല്‍ ലത്തീഫ് (63), മഹാരാഷ്ട്ര സ്വദേശിയായ തൗസീഫ് ബാല്‍ബല്‍ എന്നിവരും മരണപെട്ടു. ഇവരില്‍ പത്ത് പേരുടെയും മരണം ഇന്ത്യന്‍ എംബസ്സി ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇതില്‍ അസ്ലംഖാന്റെ കുടുംബം ജിദ്ദയിലുണ്ട്. ഇദ്ദേഹം ബിന്‍ലാദന്‍ ഗ്രൂപ്പിലെ ഇലെക്ട്രിക്കല്‍ എഞ്ചിനീയറായിരുന്നു . ഭാര്യ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ് .ഇവര്‍ ജിദ്ദയില്‍ വീട്ടില്‍ കോറന്റൈനില്‍ കഴിയുകയാണ്. മക്കയില്‍ ഇന്നലെ മരണപ്പെട്ട തെലുങ്കാന സ്വദേശി അസ്മത്തുള്ളഖാന്റെ മയ്യത്ത് മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ ഏറ്റെടുത്തു ഇന്നലെ ഖബറടക്കി. കോവിഡ് ബാധിതരായി മരണപെടുന്നവരുടെ മയ്യത്ത് സാധാരണ ഗതിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക നിബന്ധനകള്‍ അനുസരിച്ചാണ് ഖബറടക്കാറുള്ളത് . ഇദ്ദേഹത്തിന്റെ കുടുംബം മുജീബിനെ ചുമതലപെടുത്തിയതനുസരിച്ച് ആ ദൗത്യം മുജീബ് ഏറ്റെടുക്കുകയായിരുന്നു . രണ്ടാഴ്ച മുമ്പ് റിയാദില്‍ മരണപ്പെട്ട സഫ്വാന്റെ മയ്യത്ത് റിയാദ് കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദിഖ് തുവൂരും മദീനയില്‍ മരണപ്പെട്ട ഷബ്നാസിന്റെ മയ്യത്ത് മദീന കെഎംസിസി നേതാവ് ഷരീഫ് കാസര്‍ഗോഡും ഏറ്റെടുത്ത് ഖബറടക്കിയിരുന്നു.

SHARE