അഷ്റഫ് വേങ്ങാട്ട്
റിയാദ് : സഊദിയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര് കൂടി കഴിഞ്ഞ ദിവസങ്ങളില്‍ മരണപെട്ടതോടെ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ഉത്തര്‍പ്രദേശ് ഗാസിപൂര്‍ സ്വദേശിയായ ബദ്ര് ആലം (41), തെലുങ്കാന സ്വദേശിയായ അസ്മത്തുള്ള ഖാന് എന്നിവര്‍ ജിദ്ദയിലും മഹാരാഷ്ട്രയിലെ പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ് (59) മദീനയിലുമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ഇന്ത്യന്‍ എംബസ്സി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളികളായ രണ്ട് പേര് നേരത്തെ മരണപ്പെട്ടിരുന്നു . റിയാദില്‍ മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശി എന്‍ പി സഫ്വാനും മദീനയില്‍ കണ്ണൂര്‍ പൂക്കോം സ്വദേശി പാലക്കണ്ടിയില്‍ ഷബ്നാസുമാണ് മരണമടഞ്ഞതെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എംബസിയും കോണ്‍സുലേറ്റും വിപുലമായ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി എംബസ്സിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സഊദിയില്‍ നിന്ന് ഇന്ത്യക്കാരെ കുടിയൊഴിപ്പിക്കാനുള്ള നടപടികളെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന ഘട്ടത്തില്‍ അക്കാര്യത്തെ കുറിച്ച് ആലോചിക്കുമെന്നും എംബസ്സി വ്യക്തമാക്കി. ഇപ്പോള്‍ നിലവില്‍ സഊദിയില്‍ തന്നെ സുരക്ഷിതമായി ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് ദൗത്യം. പ്രവാസികളുടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രാലയവുമായും എംബസ്സി ബന്ധപ്പെട്ട് കാര്യങ്ങളറിയിക്കുന്നുണ്ട് . പ്രാധാനമന്ത്രി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഭരണകൂടം ഒരുക്കുന്ന ആരോഗ്യ പരിപാലനവും ചികിത്സയും ഏറ്റവും മികച്ചതാണ്. നിലവിലുള്ള പരിമിതികള്‍ മനസ്സിലാക്കി ഇന്ത്യന്‍ സമൂഹം സഊദി ഭരണകൂടത്തിന്റെ മുന്‍കരുതല്‍ നടപടികളുമായി പൂര്‍ണമായും സഹകരിക്കണമെന്ന് വാര്‍ത്താക്കുറിപ്പില്‍ എംബസി ആവശ്യപ്പെട്ടു .
സഊദി ആരോഗ്യമന്ത്രാലയം നടപ്പിലാക്കിയ മുന്‍കരുതല്‍ നടപടികളെ കുറിച്ച് അംബാസഡര്‍ ഡോ. ഔസാഫ് സയീദ് വിവിധ ഭാഷകളില്‍ ഇന്ത്യന്‍ സമൂഹത്തിന് സന്ദേശങ്ങള്‍ കൈമാറി . കോവിഡുമായി ബന്ധപ്പെട്ട എംബസി ഇന്ത്യന്‍ സമൂഹത്തിന്റെ വിഷയങ്ങളില്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി രാജ്യത്തെ എല്ലാം കമ്പനികളുമായും ബന്ധപെട്ടു നടപടികള്‍ ഉറപ്പാക്കി. ക്യാമ്പുകളില്‍ ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വിവിധ ഭാഷകളിലുള്ള മുന്‍കരുതല്‍ നടപടികള്‍ അടങ്ങിയ ബ്രോഷറുകള്‍ വിതരണം ചെയ്തു വരുന്നു. വൈദ്യസഹായത്തിനായി ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപീകരിച്ചു. വാട്സ് ആപ് ഗ്രൂപ് വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്റ്റര്‍മാരെ ബന്ധപ്പെടാനും അടിയന്തിര സാഹചര്യങ്ങളില്‍ ഡോക്ടര്‍മാരുടെ ചികിത്സ ലഭ്യമാക്കാനും സംവിധാനമൊരുക്കി.
സാമൂഹ്യ പ്രവര്‍ത്തകരുമായും മാധ്യമപ്രവര്‍ത്തകരുമായും അംബാസഡര്‍ ഓണ്‍ലൈന്‍ വഴി ആശയവിനിമയം നടത്തിയിരുന്നു. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ സമൂഹത്തിന്നിടയിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് ശ്രമം. കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ട് കുടുങ്ങിയവര്‍ക്ക് ഭക്ഷണം, മരുന്നുകള്‍, മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണമെത്തിക്കാന്‍ പ്രധാന ഭക്ഷ്യ വിതരണ ശൃംഖലകളുമായും ഇന്ത്യന്‍ റെസ്റ്റോറന്റുകളുമായും എംബസി ബന്ധപ്പെട്ടു. ആവശ്യ പെടുന്ന ഭാഗങ്ങളില്‍ ഡോര്‍ ഡെലിവറി ചെയ്യുന്ന രീതിയിലാണ് സംവിധാനമൊരുക്കുന്നത് . കൊറന്റൈന് സൗകര്യം ഒരുക്കേണ്ടി വന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ക്ക് വിവിധ ഹോട്ടല്‍, ബിസിനസ് ഗ്രൂപ്പുകളുമായി ചര്‍ച്ച നടക്കുന്നുണ്ട്.
ഓരോ ഇന്ത്യന്‍ പൗരനും ഉത്തരവാദിത്തബോധവും സ്വയം അച്ചടക്കവും കാണിക്കുകയും സഊദി അധികാരികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും നല്‍കുകയും ചെയ്യണം. പാന്‍ഡെമിക് നിയന്ത്രിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സാമൂഹിക അകലം പാലിക്കല്‍, താമസകേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കല് , എല്ലാവിധ മീറ്റിങ്ങുകളും ഒഴിവാക്കല്‍ തുടങ്ങി എല്ലാം കൃത്യമായി പാലിക്കാന്‍ ഇന്ത്യന്‍ സമൂഹം കനത്ത ജാഗ്രത പാലിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നു. സഊദിയിലെ ഇന്ത്യക്കാരില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിനും മറ്റു അടിയന്തരാവശ്യങ്ങള്‍ക്കുമായി എംബസ്സി ഹോട്ട് ലൈനില്‍ 24 മണിക്കൂര്‍ ബന്ധപ്പെടാനുള്ള സംവിധാങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹെല്പ് ലൈന്‍ : +966 546103992 (വാട്ട്സ്ആപ്പ് ഉള്‍പ്പെടെ), ഇമെയില്‍: covid19indianembassy@gmail.com.