കുട്ടിയെക്കൊണ്ട് സിഗരറ്റ് വലിപ്പിച്ചു; സൗദിയില്‍ യുവാവ് അറസ്റ്റില്‍

ജിദ്ദ: കൊച്ചു കുഞ്ഞിന്റെ ചുണ്ടില്‍ കത്തിച്ച സിഗരറ്റ് വെച്ചുകൊടുത്ത യുവാവിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. തമാശ രൂപത്തിലുള്ള സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അന്വേഷണം നടത്തി കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അറബ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

20-നു മുകളില്‍ പ്രായമുള്ള യുവാവ് ചെറിയ ആണ്‍കുട്ടിയെ മടിയില്‍ വെച്ച് സിഗരറ്റ് ബലമായി കുട്ടിയുടെ ചുണ്ടില്‍ വെച്ചു കൊടുക്കുന്നതും പ്രതികരണം കണ്ട് ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇതേ സമയം റൂമില്‍ മറ്റു ചിലരും ഉണ്ടായിരുന്നു എന്ന് 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിന്നു വ്യക്തമാകുന്നു.

വീഡിയോയിലുള്ള വ്യക്തിയെ പറ്റി വിവരമുള്ളവര്‍ അറിയിക്കണമെന്ന് സാമൂഹ്യ ക്ഷേ മന്ത്രാലയ വക്താവ് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുപത് വയസ്സിനു മുകളില്‍ പ്രായമുള്ളയാളാണ് അറസ്റ്റിലായതെന്നും വീഡിയോയിലെ കുട്ടി ഇയാളുടെ ബന്ധുവാണെന്നും അധികൃതര്‍ വ്യക്തമാക്കി.