സഊദിയില്‍ 488 പേര്‍ക്ക് രോഗം ഭേദമായി; അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് 19 വൈറസ് ബാധയേറ്റ അഞ്ച് പേര്‍ കൂടി മരിച്ചതോടെ സഊദിയില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 15 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ കണ്ടെത്തിയതോടെ രാജ്യത്ത് ഇതുവരെ 2385 പേര്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു . 68 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ 488 പേര്‍ക്ക് രോഗശമനമുണ്ടായെന്നും സഊദി ആരോഗ്യമന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെ 191 കേസുകള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. ഇന്ന് രോഗനിര്‍ണ്ണയത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ തുടരുന്നു . സഊദി ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പഴുതടച്ച മുന്‍കരുതല്‍ നടപടികള്‍ കൈകൊള്ളുന്നുണ്ട് . രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സമീപത്തുള്ള സ്വകാര്യ സര്‍ക്കാര്‍ ആസ്പത്രികളെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശികള്‍ക്കും രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്കും ആസ്പത്രികളില്‍ പോകാമെന്നും ഇഖാമ കാണിക്കേണ്ട ആവശ്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ചികിത്സയും സൗജന്യമായി നടത്തുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗ ബാധ കൂടുന്ന ഭാഗങ്ങളില്‍ തക്ക സമയത്ത് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയങ്ങള്‍ സദാ ജാഗ്രത പാലിക്കുന്നു.

SHARE