സഊദിയില്‍ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും; ഇനി ശക്തമായ പരിശോധന

റിയാദ്: ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ശിക്ഷകള്‍ കൂടാതെ സ്വമേധയാ രാജ്യം വിടുന്നതിന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും. നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് സുരക്ഷാ വകുപ്പുകളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ശക്തമായ റെയ്ഡുകള്‍ക്ക് നാളെ മുതല്‍ തുടക്കമിടും. മാര്‍ച്ച് 29 മുതലാണ് സഊദിയില്‍ നിയമ ലംഘകര്‍ക്കുള്ള പൊതുമാപ്പ് നിലവില്‍വന്നത്. ഒന്നിലധികം തവണയായി ഇത് പിന്നീട് നവംബര്‍ 14 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

നാളെ മുതല്‍ ആരംഭിക്കുന്ന ഫീല്‍ഡ് പരിശോധനകളില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ മാത്രമല്ല, ഇത്തരക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും എതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകളാണ് നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുക. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും സഹായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നത് നിയമം വിലക്കുന്നുണ്ട്. നിയമ ലംഘകരെയും അവരെ സഹായിക്കുന്നവരെയും കുറിച്ച് 999 എന്ന നമ്പറില്‍ അറിയിച്ച്, നിയമ ലംഘകരില്ലാത്ത രാജ്യം എന്ന പൊതുമാപ്പ് കാമ്പയിന്‍ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാവരും സുരക്ഷാ വകുപ്പുകളുമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

നിയമ ലംഘകരുടെ പദവി ശരിയാക്കുന്നതിനുള്ള കാമ്പയിനില്‍ പത്തൊമ്പത് ഗവണ്‍മെന്റ് വകുപ്പുകള്‍ പങ്കാളിത്തം വഹിച്ചിരുന്നു. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിട്ടവര്‍ക്ക് ഭാവിയില്‍ പുതിയ വിസയില്‍ സഊദിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല. നിരവധി പേര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇതിനകം പുതിയ വിസകളില്‍ സഊദിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഹജ്ജ്, ഉംറ, സന്ദര്‍ശന വിസകളില്‍ സഊദി അറേബ്യയില്‍ എത്തി, വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ നിയമ വിരുദ്ധമായി തങ്ങുന്നവരും തൊഴിലിടങ്ങളില്‍ നിന്ന് ഒളിച്ചോടിയതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവരും നുഴഞ്ഞുകയറ്റക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിരുന്നു.

പതിമൂന്ന് പ്രവിശ്യകളില്‍ 78 ജവാസാത്ത് കേന്ദ്രങ്ങളിലാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്ന നിയമ ലംഘകരെ സ്വീകരിക്കുന്നതിന് സജ്ജീകരിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ സഊദിയില്‍ നിയമ ലംഘകര്‍ക്ക് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പൊതുമാപ്പ് ആയിരുന്നു ഇത്. 2013 ല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലത്ത് 25 ലക്ഷത്തിലേറെ നിയമ ലംഘകര്‍ രാജ്യം വിട്ടിരുന്നു. മുപ്പത് ലക്ഷത്തോളം വിദേശികള്‍ പദവി ശരിയാക്കുകയും ചെയ്തു.

SHARE