റിയാദ്: കോവിഡിനെതിരെ പോരാടാന്‍ ഇന്ത്യന്‍ റെഡ്ക്രോസിന് സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോ അഞ്ചു ലക്ഷം ഡോളര്‍ (3.8 കോടി രൂപ) സംഭാവന നല്കി. കോവിഡ് വ്യാപനത്തിനെതിരെ ആഗോള തലത്തില്‍ സൗദി അരാംകോ നടത്തുന്ന പ്രതികരണത്തിന്റെ ഭാഗമായാണ് മാനുഷിക പിന്തുണയെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ പ്രാദേശിക കേന്ദ്രങ്ങളിലേക്ക് ആരോഗ്യ സംരക്ഷണ ഉപകരണങ്ങളും മെഡിക്കല്‍ സാധനങ്ങളും വാങ്ങുന്നതിനാണ് സംഭാവന തുക ഉപയോഗിക്കുകയെന്നു കമ്പനി വ്യക്തമാക്കി.
വൈറസിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ആഗോള തലത്തില്‍ സൗദി അരാംകോ ഇതിനകം 3.5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ, ജാപ്പനീസ് റെഡ്ക്രോസ് സൊസൈറ്റി, ചൈന റെഡ്ക്രോസ് സൊസൈറ്റി, കൊറിയ ഡിസാസ്റ്റര്‍ റിലീഫ് അസോസിയേഷന് തുടങ്ങിയവ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് സൗദി അരാംകോ തങ്ങളുടെ സാമ്പത്തിക സഹായം ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണ്‍ മെതോഡിസ്റ്റ് ആശുപത്രിക്ക് 500,000 ഡോളര്‍ സംഭാവനയും സൗദി അരാംകോ നല്‍കിയിട്ടുണ്ട്.
ജനങ്ങളാണ് ഞങ്ങളുടെ എപ്പോഴത്തെയും മുന്‍ഗണന. ഈ മഹാമാരിയുടെ കാലത്ത് ഇന്ത്യന്‍ ഗവണ്മെന്റ് സ്വീകരിക്കുന്ന നടപടികള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ഞങ്ങള്‍ നല്കുന്ന സംഭാവന മൂലം സാധിക്കുമെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമാണുള്ളതെന്ന് അരാംകോ ഏഷ്യ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് പ്രസിഡന്റ് മുഹമ്മദ് അല്‍ മുഗീറ പറഞ്ഞു.