അച്ഛനോടൊപ്പം സഞ്ചരിച്ച നാലുവയസുകാരിയെ അജ്ഞാത സംഘം കാറടക്കം തട്ടിക്കൊണ്ടുപോയി. റിയാദിലെ ശുമൈസി ഡിസ്ട്രിക്റ്റില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. എന്ജിന് ഓഫാക്കാതെ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് പിതാവ് എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ പോയ സമയത്താണ് എവിടെ നിന്നോ എത്തിയ അജ്ഞാത സംഘം കാറും അതിലിരുന്ന കുട്ടിയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പരാതിപ്പെട്ട ഉടനെ സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ നോക്കി കാര്‍ പോയ ദിശ മനസിലാക്കി പിന്തുടര്ന്ന് വാഹനം കണ്ടെത്തുകയും വളഞ്ഞ് പിടികൂടുകയുമായിരുന്നു. നാല്പതോളം പൊലീസ് വാഹനങ്ങള്‍ വളഞ്ഞതോടെയാണ് അക്രമികള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. കാറിനുള്ളില്‍ പേടിച്ച് തളര്‍ന്നുകിടക്കുകയായിരുന്ന കുട്ടിയെ പൊലീസ് വീണ്ടെടുത്ത് പിതാവിനെ ഏല്പിച്ചു. റിയാദ് ഡല്‍ഹി പബ്ലിക് സ്കൂളില്‍ അധ്യാപകനായ തമിഴ്നാട് സ്വദേശി ആന്റണി എസ്. തോമസാണ് പെണ്‍കുട്ടിയുടെ പിതാവ്.