സഊദിയില്‍ 21869 പേര്‍ക്ക് രോഗമുക്തി; കോവിഡ് ബാധിതര്‍ അരലക്ഷത്തിലേക്ക്; മരണം മുന്നൂറിലേക്ക്

അഷ്റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഇരുപത്തൊന്നായിരം കവിഞ്ഞു. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം മുന്നൂറിനടുത്തെത്തി. ഇന്ന് ഒമ്പത് പേര് കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 292 ആയി. എട്ട് വിദേശികളും ഒരു സ്വദേശിയുമാണ് ഇന്ന് മരിച്ചത്. ഇന്ന് 2307 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 49176 ആയി. പുതുതായി 2818 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ 21869 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ 27015 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 167 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രോഗം ബാധിച്ചവരില്‍ 75 ശതമാനം പുരുഷന്മാരും 25 സ്ത്രീകളുമാണ്. കുട്ടികളിലും 10 ശതമാനം രോഗബാധയുണ്ട് . 87 ശതമാനം പ്രായപൂര്‍ത്തിയായവരും മൂന്ന് ശതമാനം വയോജനങ്ങളുമാണ്. ഇന്നലെ കണ്ടത്തിയ രോഗബാധയില്‍ 59 ശതമാനം വിദേശികളാണ് . ഇതാദ്യമായാണ് ദിനം പ്രതിയുള്ള റിപ്പോര്‍ട്ടില്‍ ഇത്രയധികം എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത് . സാമൂഹിക സമ്പര്‍ക്കം വഴിയാണ് സ്ത്രീകളിലും കുട്ടികളിലും രോഗം കണ്ടെത്തിയത്. ഫീല്‍ഡ് പരിശോധന ഊര്‍ജ്ജിതമാക്കിയതിന്റെ ഫലമാണ് എണ്ണത്തിലെ വര്‍ധനയെന്നും ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.