സൗദി അല്‍ അഹ്‌സയില്‍ സഹോദരങ്ങളായ നാല് യുവതികളും യുവാവും കൊലപ്പെട്ട നിലയില്‍

അബുദാബി: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്‌സക്ക് സമീപത്തെ അപ്പാര്‍മെന്റില്‍ സഹോദരങ്ങളായ നാല് യുവതികളും യുവാവും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. അല്‍ അഹ്‌സയിലെ അല്‍ ഷുവാബ പരിസരത്ത് വാങ്ങിയ പുതിയ അപ്പാര്‍ട്ട്‌മെന്റ് കാണാനെത്തിയ മാതാപിതാക്കളാണ് മക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയതെന്ന്, പോലീസ് പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ മകനെയും 14 നും 22 നും ഇടയില്‍ പ്രായമുള്ള അവന്റെ നാല് സഹോദരിമാരെയുമായി കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മാതാപിതാക്കളും കുട്ടികളും തങ്ങളുടെ പുതിയ അപ്പാര്‍ട്ട്‌മെന്റ് കാണാന്‍ പോയപ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് അമ്മാവന്‍ പൊലീസിനോട് പറഞ്ഞു.
”മാതാപിതാക്കള്‍ മക്കളെ അപ്പാര്‍ട്ട്‌മെന്റിലാക്കി മാര്‍ക്കറ്റിലേക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറക്കാതെ അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് അകത്തുകടന്ന പിതാവ്, അഞ്ച് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും, അമ്മാവന്‍ പ്രതികരിച്ചു. ഇതോടെ സംഭവം പിതാവ് ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കിഴക്കന്‍ മേഖല പൊലീസ് അസിസ്റ്റന്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ദുറൈം പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കുറ്റകൃത്യത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനും സംഭവത്തിലെ ദുരൂഹത നീക്കാനും പൊലീസ് സമഗ്ര അന്വേഷണം തുടരുകയാണ്,” പോലീസ് കൂട്ടിച്ചേര്‍ത്തു.

കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്ത് നിന്ന് രക്തസാമ്പിളുകളും വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. മൃതദേഹങ്ങള്‍ പരിശോധക്കായി ഫോറന്‍സിക് വിഭാഗത്തിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂഷന് സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട യുവാവാണ് ഇവരില്‍ ഏറ്റവും മൂത്തതെന്നും മകന്‍ മൊയീദ് കിംഗ് ഫൈസല്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

SHARE