ഇന്ത്യക്കാരെയും ബാധിച്ചേക്കും; സഊദിയിലെത്തുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

റിയാദ്: കോവിഡ് 19 കൊറോണ വൈറസ് പടര്‍ന്നു പിടിച്ച വിദേശ രാജ്യങ്ങളില്‍നിന്ന് സഊദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും വൈറസ് ബാധയില്ലെന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം. ഈ രാജ്യങ്ങളില്‍ നിന്ന് സഊദിയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് എന്‍ട്രി പാസ്സ് ലഭിക്കണമെങ്കില്‍ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാണ്. വിമാനത്താവളത്തില്‍ സഊദി ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളില്‍ പരിശോധനക്ക് വിധേയമായി ഉറപ്പ് വരുത്തി സീല്‍ വാങ്ങിയ ശേഷം എമിഗ്രേഷന്‍ കൗണ്ടറില്‍ കാണിക്കണം. പുതിയ വിസയില്‍ വരുന്നവര്‍ക്ക് മാത്രമല്ല ഈ നിയമം. റീ എന്‍ട്രിയില്‍ രാജ്യം വിട്ട് രണ്ടാഴ്ചയിലധികം കഴിഞ്ഞവര്‍ക്കും സഊദിയില്‍ പ്രവേശിക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പി സി ആര്‍ എടുക്കേണ്ടത് സഊദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാവണം. സഊദിയിലേക്ക് പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസുകള്‍ നല്‍കേണ്ട ഉത്തരവാദിത്വം അതാത് രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്കായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സഊദിയുടെ ഈ തീരുമാനം വന്നതോടെ ഈജിപ്തില്‍ നിന്ന് സഊദിയിലേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ഈജിപ്തിന്റെ പേര് മാത്രമാണ് പരാമര്‍ശിച്ചതെങ്കിലും സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊറോണ ബാധിത രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ പേരുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ നിയമം ബാധകമായേക്കുമെന്നാണ് കരുതുന്നത്. ഇതെപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇന്ത്യയിലെ വിമാനകമ്പനികള്‍ക്ക് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നാണ് അറിവായത്.ഇപ്പോള്‍ അവധിയില്‍ ഉള്ളവരും പുതുതായി വരുന്നവരും ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. എണ്ണം കൂടുന്നതനുസരിച്ച് കുവൈറ്റ് ചെയ്തത് പോലെയുള്ള കര്‍ശന നടപടികളിലേക്ക് പോകാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് അനൗദ്യോഗിക വിവരം.

കൊറോണ വ്യാപനം തടയാനുള്ള മുന്‍ കരുതലിന്റെ ഭാഗമായി സഊദിയുടെ അയല്‍ രാജ്യങ്ങളായ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം സഊദിയിലേക്കുള്ള യാത്രയും ഇന്ന് രാത്രി മുതല്‍ താല്‍കാലികമായി വിലക്കി. സഊദിയിലേക്ക് വരുന്നവര്‍ക്ക് രാജ്യത്തെ സുപ്രധാന വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, , ദമാം തുടങ്ങിയ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കൂടി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രക്കുകളെ കര്‍ശന പരിശോധനക്ക് ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയെന്നും സഊദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

SHARE