സഊദിയില്‍ അവധി നീട്ടി; വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും

അഷ്റഫ് വേങ്ങാട്ട്

റിയാദ് : കൊറോണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സഊദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ പതിനാല് മുതലാണ് രാജ്യത്ത് വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും വിലക്കിയത്. രണ്ടാഴ്ചത്തേക്കായിരുന്നു വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക്.

എന്നാല്‍ കോവിഡ് 19 പടരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം അനിശ്ചിത കാലത്തേക്ക് നീട്ടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. TOP

നേരത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ അനുവദിച്ച അവധിയും അതേപോലെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. പൊതു ഗതാഗതം പുനരാരംഭിക്കുന്നതും അനിശ്ചിതമായി നീളും. ബസ്, ടാക്‌സി, ട്രെയിന്‍ തുടങ്ങിയ സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും.

രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം സജീവമായി തുടരുന്നതിന്റെ ഭാഗമായാണിത്. വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഭാഗികമായ കര്‍ഫ്യൂ മദീനയില്‍ ചില മേഖലയില്‍ പൂര്‍ണമാക്കിയിരുന്നു. രോഗ ബാധ കൂടുതല്‍ കണ്ടെത്തുന്ന ഭാഗങ്ങള്‍ ശക്തമായ നിരീക്ഷണത്തിലാണ്.

അതേസമയം, ബ്രിട്ടീഷ് പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും യുകെയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ നടത്തും. യുഎസ് പൗരന്മാര്‍ക്ക് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള വിമാനങ്ങളും ഒരുക്കുന്നതായാണ് വിവരം.