യമന്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു

 

റിയാദ്: ഹൂഥികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയുന്നതിന് ശ്രമിച്ച് യമന്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുന്നതിന് തീരുമാനിച്ചതായി സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലാം താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ദുരിതാശ്വാസ വസ്തുക്കള്‍ യമനില്‍ പ്രവേശിപ്പിക്കുന്നതിന് തുടര്‍ന്നും അനുവദിക്കും. സഊദി അറേബ്യക്ക് നേരെ ഹൂഥികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ കടുത്ത നടപടികള്‍ക്ക് സഖ്യസേന തീരുമാനിച്ചത്. ഏറ്റവും ഒടുവില്‍ ഈ മാസം നാലിന് റിയാദ് ലക്ഷ്യമാക്കി ഹൂഥികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടുമുമ്പ് സഊദി സൈന്യം മിസൈല്‍ തകര്‍ത്തു.
900 കിലോമീറ്ററിലേറെ ദൂരപരിധി യുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഹൂഥികള്‍ ആക്രമണങ്ങള്‍ നടത്തുന്നത്. സൈനിക സാങ്കേതിക വിദഗ്ധരുടെ പങ്കാളിത്തത്തോടെ മിസൈല്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മിസൈല്‍ നിര്‍മാണത്തിലും ഇവ ഹൂഥികള്‍ക്ക് എത്തിച്ച് നല്‍കുന്നതിലും ഇറാന് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. സഊദി അറേബ്യക്കെതിരെ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബാലിസ്റ്റിക് മിസൈലുകള്‍ ഹൂഥികള്‍ക്ക് ഇറാന്‍ നല്‍കുന്നത്. ആക്രമണത്തിന് ഹൂഥികള്‍ക്ക് ഇറാന്‍ നേരിട്ട് നിര്‍ദേശവും നല്‍കുന്നു. ഹൂഥികളെ ആയുധമണിയിക്കുന്നത് വിലക്കുന്ന യു.എന്‍ രക്ഷാ സമിതി 2216-ാം നമ്പര്‍ പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണിത്. സഊദി അറേബ്യക്കെതിരെ ഹൂഥികള്‍ നടത്തുന്ന ആക്രമണങ്ങളെ, ഇറാന്‍ ആക്രമണവും യുദ്ധവുമായാണ് സഖ്യസേന കാണുന്നത്. യു.എന്‍ ചാര്‍ട്ടറിലെ 51-ാം വകുപ്പ് അനുശാസിക്കുന്നത് പ്രകാരം സ്വയം പ്രതിരോധത്തിനും ഇറാന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനും സഊദി അറേബ്യക്ക് അവകാശമുണ്ട്. റിലീഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷ മേഖലകളില്‍ നിന്നും ഹൂഥികള്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. യമന്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നയതന്ത്ര മിഷനുകളും അകന്ന് നില്‍ക്കണമെന്ന് സഖ്യസേന ആവശ്യപ്പെട്ടു.
ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും പൈലറ്റില്ലാ വിമാനങ്ങളും ഭൗമ-ഭൗമ റോക്കറ്റുകളും നവീന സാങ്കേതികവിദ്യകളും കൈമാറുന്ന ഇറാന്‍, യമന്‍ യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനും മേഖലയില്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍മാലികി കുറ്റപ്പെടുത്തി. ഇറാന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ സഊദി അറേബ്യക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഹൂഥികള്‍ക്ക് സാധിക്കുമായിരുന്നില്ല. ബാലിസ്റ്റിക് മിസൈല്‍ ഭാഗങ്ങള്‍ ഇറാനില്‍ നിന്ന് അല്‍ഹുദൈദ തുറമുഖം വഴി യമനിലേക്ക് കടത്തി കൂട്ടിയോജിപ്പിക്കുകയാണ് ഹൂഥികള്‍ ചെയ്യുന്നത്. സഊദി അതിര്‍ത്തിയില്‍ ഹൂഥികള്‍ 50,000 ഓളം മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹിസ്ബുല്ല ലെബനോനില്‍ നിന്ന് സിറിയ, ഇറാന്‍ വഴി യമനിലേക്ക് ആയുധങ്ങള്‍ കടത്തുന്നുണ്ടെന്നും കേണല്‍ തുര്‍കി അല്‍മാലികി പറഞ്ഞു.
സൗദി

SHARE