യു.കെ, അയര്‍ലന്‍ഡ്, മൊറോക്കോ എംബസികളെ നയിക്കാന്‍ ഇനി വനിതകളും; സഊദിയില്‍ പുതുചരിത്രം

റിയാദ്: ചരിത്രത്തില്‍ ആദ്യമായി വിദേശ എംബസികളില്‍ വനിതാ ഉപസ്ഥാനപതികളെ (അറ്റാഷെ) നിയമിച്ച് സഊദി അറേബ്യ. കഴിഞ്ഞ ദിവസം വിദേശ എംബസികളിലേക്ക് ആറ് ഉപസ്ഥാനപതികളെയാണ് സര്‍ക്കാര്‍ നിയമിച്ചത്. ഇതില്‍ മൂന്നു പേരാണ് വനിതകള്‍ എന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.കെ കള്‍ച്ചറല്‍ അറ്റാഷെ ആയി ഡോ. അമല്‍ ഫതാനി, അയര്‍ലന്‍ഡിലെ പ്രതിനിധിയായി ഡോ. ഫഹ്ദ അല്‍ ശൈഖ്, മൊറോക്കോയിലെ ആക്ടിങ് കള്‍ച്ചറല്‍ അറ്റാഷെ ആയി ഡോ. യുസ്‌റ അല്‍ ജസൈരി എന്നിവരൊണ് നിയമിച്ചത്. ഈ തസ്തികകളിലേക്ക് വനിതകളെ നിയോഗിക്കുന്നത് ആദ്യമായാണ് എന്ന് സൗദി ഗസറ്റ് പറയുന്നു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ദൃഢപ്പെടുത്തുകയാണ് ഇവരുടെ ദൗത്യം.

വിദ്യാഭ്യാസ മന്ത്രി ഡോ. ഹംദ് അല്‍ ശൈഖ് ആണ് മൂവരെയും നിയമിച്ചത്. അന്താരാഷ്ട്ര തലത്തില്‍ സൗദിയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് മന്ത്രിയുടെ തീരുമാനം. ശാസ്ത്രീയ, ഗവേഷണ അനുഭവങ്ങളും പരസ്പരം കൈമാറേണ്ടതുണ്ട്. വിദേശത്തുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകളും ഉറപ്പുവരുത്തണം- സൗദി ഗസറ്റ് റിപ്പോര്‍ട്ട് പറയുന്നു.

ഈജിപ്ത് അറ്റാഷെ ആയി ഡോ. അഹ്മദ് അല്‍ ഫരീഹ്, കുവൈത്തില്‍ ഡോ. ഇസ്സ അല്‍ റുമൈഹ്, ഡോ. സഅദ് അല്‍ ഷബാന എന്നിവരാണ് നിയമിതരായ മറ്റു മൂന്നു പേര്‍.

SHARE