സന്‍ആയില്‍ വ്യോമാക്രമണം; അമ്പതിലേറെ മരണം

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ അറബ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ അമ്പതിലേറെ ഹൂഥി വിമതര്‍ കൊല്ലപ്പെട്ടു. രണ്ട് ഉന്നത ഹൂഥി കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ പെടും. ഹൂഥി ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് സഊദി വാര്‍ത്താ ചാനലായ അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രാലയ കെട്ടിടത്തോട് ചേര്‍ന്നുള്ള ഒരു പൊലീസ് കെട്ടിടവും തകര്‍ന്നിട്ടുണ്ട്. ആക്രമണം നടന്നതായി ഹൂഥികള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ഖബറടക്കം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. ഹൂഥി നേതാക്കളുടെയും മറ്റു വിമതരുടെയും മൃതദേഹങ്ങല്‍ ആറ് ട്രക്കുകളില്‍ സൈനിക അകമ്പടിയോടെയാണ് കൊണ്ടുവന്നത്. അതേസമയം യമന്‍ അതിര്‍ത്തിക്ക് സമീപം സഊദിയുടെ ജസാന്‍ പ്രവിശ്യ ലക്ഷ്യമിട്ട് ഹൂഥികള്‍ അയച്ച നാല് മിസൈലുകള്‍ സഊദി വ്യോമസേന ആകാശമധ്യേ തകര്‍ത്തു. സഊദിയുടെ സാമ്പത്തിക, തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കുനേരെ എട്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതായി ഹൂഥികള്‍ അവകാശപ്പെടുന്നു. യമന്‍ ആഭ്യന്തര യുദ്ധം നാലാം വര്‍ഷത്തേക്ക് കടക്കുമ്പോള്‍ മേഖലയുടെ ഉറക്കം കെടുത്തുന്ന വിധം കാര്യങ്ങള്‍ വഷളാവുകയാണ്.
2004ല്‍ തന്നെ യമന്‍ ഭരണകൂടവും ഹൂഥികളും തമ്മില്‍ യുദ്ധം തുടങ്ങിയിരുന്നു. ഹൂഥി ശക്തികേന്ദ്രത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഏറ്റുമുട്ടല്‍ 2014ല്‍ ശക്തിയാര്‍ജിച്ചു.
2014 സെപ്തംബറില്‍ അവര്‍ സന്‍ആയുടെ നിയന്ത്രണം പിടിച്ചെടുത്തു. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അട്ടിമറിച്ച് അധികാരം ഏറ്റെടുത്ത ഹൂഥികള്‍ക്കുനേരെ
2015 മുതല്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ വ്യോമാക്രമണം തുടങ്ങി. യമനില്‍ ഹൂഥികളെ ലക്ഷ്യമിട്ട് അറബ് സഖ്യസേന പതിനാറായിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകത്തെ ദരിദ്ര രാജ്യങ്ങൡലൊന്നായ യമന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണിപ്പോള്‍. രാജ്യം പട്ടിണിയുടെയും പകര്‍ച്ചവ്യാധിയുടെയും പിടിയിലാണ്.

SHARE