ലോകകപ്പ്: റഷ്യയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുകള്‍ ; ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രത്യേക പാക്കേജുകളുമായി സഊദി അറേബ്യ

 

ജിദ്ദ: റഷ്യയില്‍ ജൂണില്‍ നടക്കാനാരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ. ഇതിന്റെ ഭാഗമായി മോസ്‌കോയിലേക്ക് സൗദി എയര്‍ലൈന്‍സ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന പ്രതിവാരം മൂന്ന് സര്‍വീസുകളാണ് തുടങ്ങുക. അതേസമയം ലോകകപ്പിനോട് അനുബന്ധിച്ച് ഫുട്‌ബോള്‍ പ്രേമികള്‍ക്കായി യാത്രക്കൂലി തുടങ്ങിയവയില്‍ പ്രത്യേക പാക്കേജുകള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും സഊദി മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

2006 ജര്‍മ്മന്‍ ലോകകപ്പിനു ശേഷം ആദ്യമായാണ് സഊദി അറേബ്യ ലോകകപ്പിനു യോഗ്യത നേടുന്നത്. ആതിഥേയരായ റഷ്യയും ഉറൂഗ്വെയും ഈജിപ്തും അണി നിരക്കുന്ന ഗ്രൂപ്പ് എയിലാണ് സഊദി. ജൂണ്‍ 14ന്‌ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ റഷ്യ-സഊദിയെ നേരിടുമ്പോള്‍ സഊദി താരങ്ങള്‍ക്കായി ഗ്യാലറിയില്‍ മികച്ച പിന്തുണ നല്‍കനായി പരമാവധി രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളെ റഷ്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സഊദി മാനേജ്‌മെന്റ്. മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.