ആരു തിരിച്ചുവന്നാലും സ്വീകരിക്കുമെന്ന് ശശികല വിഭാഗം

ചെന്നൈ: മാതൃസംഘടനയില്‍നിന്ന് പുറത്തുപോയ ആരു തിരിച്ചുവന്നാലും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികല വിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്‍. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ പെട്ടെന്നു സ്ഥാനക്കയറ്റം ലഭിച്ചതല്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു. അമ്മ(ജയലളിത) തന്നെ മുമ്പ് പല പദവികളിലും തന്നെ നിയമിച്ചിട്ടുണ്ട്. തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും എം.പിയാക്കിയതും അമ്മയാണ്. എ.ഐ.എ.ഡി.എം.കെയുടെ പുതിയ നേതൃത്വത്തിനെതിരെ ഒ പന്നീര്‍ശെല്‍വം സംസ്ഥാന വ്യാപക ക്യാമ്പയിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിപ്പോള്‍, വഞ്ചകര്‍ പാര്‍ട്ടിയില്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവരുടെ നീക്കങ്ങളെയെല്ലാം വിജയകരമായി മറികടക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ദിനകരന്റെ മറുപടി.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീംകോടതി വിധിയെതുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറിയായ വി.കെ ശശികലക്ക് ജയിലില്‍ പോകേണ്ടി വന്നതോടെയാണ് ബന്ധു കൂടിയായ ടി.ടി.വി ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ ശശികലക്കൊപ്പം ദിനകരനേയും ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ശശികലയെ പിന്നീട് തിരിച്ചെടുത്തെങ്കിലും ദികരന്‍ ഉള്‍പ്പെടെ മറ്റു നേതാക്കളെ അവര്‍ അടുപ്പിച്ചിരുന്നില്ല. എന്നാല്‍ ജയലളിതയുടെ മരണത്തിന്റെയും ഒ. പന്നീര്‍ശെല്‍വം ക്യാമ്പ് തുടക്കമിട്ട വിമത നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി ചുമതല ശശികല ദിനകരനെ ഏല്‍പ്പിച്ചത്.