പനീര്‍സെല്‍വം രാജിവെച്ചു; തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല അടുത്തയാഴ്ച്ച സ്ഥാനമേല്‍ക്കും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രാജിവെച്ചു. അടുത്ത മുഖ്യമന്ത്രിയായി ശശികല നടരാജന്‍ സ്ഥാനമേല്‍ക്കും. അടുത്തയാഴ്ച്ചയായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പനീര്‍സെല്‍വമാണ് ശശികലയുടെ പേര് നിര്‍ദ്ദേശിച്ചത്.

മൂന്നു പതിറ്റാണ്ടുകാലത്തോളം ജയലളിതയുടെ തോഴിയായിരുന്നു ശശികല നടരാജന്‍. ജയലളിതയുമായുള്ള അവരുടെ ബന്ധം ശശികലയെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും അവിടെ നിന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കും എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രികൂടി ആകുന്നതോടെ പാര്‍ട്ടിയുടേയും ഭരണത്തിന്റേയും പൂര്‍ണ്ണ നിയന്ത്രണം 61കാരിയായ ശശികലയിലേക്ക് എത്തിച്ചേരുകയാണ്.

ജയലളിതയുടെ മരണശേഷമാണ് പനീര്‍സെല്‍വം മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പാര്‍ട്ടി തന്നെ അദ്ദേഹത്തെ ഇടക്കാല മുഖ്യമന്ത്രിയായാണ് വിശേഷിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ശശികല ആറുമാസത്തിനകം വിജയിച്ച് നിയമസഭാംഗമാകേണ്ടതുണ്ട്്. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ ശശികല മല്‍സരിച്ചേക്കുമെന്നാണ് സൂചന. ഫെബ്രുവരി ഒന്‍പതിന് ശശികല മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നതിനാണ് സാധ്യത.

SHARE