ശശികല ക്യാമ്പില്‍ നിന്ന് രണ്ട് എംപിമാര്‍ കൂറുമാറി പനീര്‍ശെല്‍വത്തിനൊപ്പം

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ആര് അവസാനവാക്കാകുമെന്ന് അറിയുന്നതിന് പോര് മുറുകുന്നതിനിടെ ശശികലയെ പിന്തുണച്ചിരുന്ന രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തിയതായി വിവരം. കൃഷ്ണഗിരിയില്‍ നിന്നുള്ള അശോക് കുമാര്‍, നാമക്കലില്‍ നിന്നുള്ള പി.ആര്‍ സുന്ദരം എന്നിവരാണ് കാവല്‍ മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്‍ശെല്‍വം പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പുതുച്ചേരി മേഖലയില്‍ നിന്നുള്ള എംഎല്‍എമാര്‍ യോഗം ചേര്‍ന്നതായും അറിയുന്നു. തീരുമാനം ഉടനുണ്ടാകുമെന്ന് പോണ്ടിച്ചേരി എംഎല്‍എ അന്‍പഴകന്‍ പറഞ്ഞു.

ops3

അതിനിടെ ശക്തിക്കാട്ടി ശശികലയെ വിറപ്പിക്കുന്നതിന് തന്നെ അനുകൂലിക്കുന്നവരോട് ചെന്നൈ മറീന ബീച്ചിലെത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ പനീര്‍ശെല്‍വം ആഹ്വാനം ചെയ്തിട്ടുണ്ട്. ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ യുവാക്കളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.