അഴിക്കുള്ളില്‍: ജയില്‍ പരിസരത്ത് സംഘര്‍ഷം

ബംഗളൂരൂ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ജയിലിലടച്ചു. ബംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ, 40 ഏക്കര്‍ വിസ്തൃതിയുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാകും ഇനിയുള്ള മൂന്നര വര്‍ഷം ശശികലയുടെ വാസം. ജയിലില്‍ ഇവര്‍ക്കായി പ്രത്യേക മുറിയും സഹായിയെയും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് നാലാം പ്രതിയും അനന്തരവളുമായ ഇളവരശിക്കൊപ്പം ശശികല അഗ്രഹാര ജയില്‍ വളപ്പിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. സുരക്ഷാകാരണങ്ങളാലാണ് കീഴടങ്ങുന്നത് വിചാരണക്കോടതിയില്‍ നിന്ന് ജയില്‍ വളപ്പിലെ കോടതിയിലേക്ക് മാറ്റിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നാം പ്രതി ജയലളിതയുടെ ‘ദത്തുപുത്രന്‍’ എന്നറിയപ്പെടുന്ന സുധാകരന്‍ വൈകിട്ട് ആറേ മുക്കാലിനാണ് കോടതിയില്‍ കീഴടങ്ങിയത്.

റോഡ് മാര്‍ഗം വന്‍വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി കോടതിയിലെത്തിയത്. ശശികലയുടെ ഭര്‍ത്താവ് നടരാജനും മുതിര്‍ന്ന നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മുന്‍ മുഖ്യമന്ത്രി ജയലളിത ഒന്നാം പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ഇവരെ ശിക്ഷിച്ചത്. കേസില്‍ നാലു വര്‍ഷം തടവും പത്തു കോടി പിഴയും വിധിച്ച വിചാരണക്കോടതി വിധി സു്പ്രീംകോടതി ശരിവെക്കുകയായിരുന്നു. വിചാരണക്കോടതി റദ്ദാക്കിയുള്ള കര്‍ണാടക ഹൈക്കോടതി വിധി കോടതി റദ്ദാക്കുകയും ചെയ്തു.

കീഴടങ്ങാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്നലെ ശശികല ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അതു പരിഗണിക്കാന്‍ വിസമ്മതിച്ചു. ഉടന്‍ എന്നതിന്റെ അര്‍ത്ഥം അറിയില്ലേ എന്നായിരുന്നു ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതിയുടെ ചോദ്യം. ഉടന്‍ വിചാരണക്കോടതിയില്‍ കീഴടങ്ങണം എന്നായിരുന്നു പി.സി ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി ന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

കോടതിയിലേക്ക് കീഴടങ്ങാന്‍ തിരിക്കുന്നതിന് മുമ്പ് ശശികല മറീന ബീച്ചിലെ ജയലളിത സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ജയലളിതയുടെ ശവകൂടിരത്തിലേക്ക് മുട്ടുകുത്തിവീണാണ് ശശികല ഉപചാരം അര്‍പ്പിച്ചത്. സാഷ്ടാംഗം പ്രണമിച്ച് ‘അമ്മ’യുടെ ശവകുടീരത്തില്‍ ഇവര്‍ മിനിട്ടുകള്‍ ചെലവഴിച്ചു.

SHARE