കോവിഡ് ചികിത്സയ്ക്ക് അമിത് ഷാ പോയത് സ്വകാര്യ ആശുപത്രിയില്‍; വിമര്‍ശനവുമായി ശശി തരൂര്‍

ഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. അധികാരത്തിലുള്ളവരുടെ പരിലാളനയും രക്ഷാകര്‍തൃത്വവും പൊതു സ്ഥാപനങ്ങള്‍ക്കു ആവശ്യമാണെന്നും തരൂര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

‘അസുഖം വന്നപ്പോള്‍ നമ്മുടെ ആഭ്യന്തര മന്ത്രി ഡല്‍ഹിയിലെ എയിംസ് തിരഞ്ഞെടുക്കാതെ അയല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയതില്‍ ആശ്ചര്യം തോന്നുന്നു. പൊതുജനത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍, പൊതുസ്ഥാപനങ്ങള്‍ക്കു ഭരണത്തിലുള്ളവരുടെ രക്ഷാകര്‍തൃത്വവും പരിലാളനയും ആവശ്യമാണ്.’ തരൂര്‍ പറഞ്ഞു. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളിലൊന്ന് എന്ന ആശയത്തിലൂന്നി മുന്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റു 1956ല്‍ എയിംസ് സ്ഥാപിച്ചതിന്റെ ചിത്രം സഹിതമുള്ള ട്വീറ്റിനുള്ള മറുപടിയായാണു തരൂരിന്റെ അഭിപ്രായം.

കോവിഡ് ലക്ഷണങ്ങളോടെ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അമിത് ഷാ തന്നെയാണു കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ത്തന്നെ ഷാ ടെസ്റ്റിനു വിധേയനായിരുന്നു. ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. 55കാരനായ ഷാ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണു ചികിത്സയിലുള്ളത്.

SHARE