സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഇല്ലെന്ന് ശശി തരൂര്‍

കൊച്ചി: സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഇല്ലെന്നും ഡോ. ശശി തരൂര്‍ എം.പി. പലരുടെയും മൊഴിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടാണത്. ഇത് എങ്ങനെ കമ്മീഷന്റെ കണ്ടെത്തലുകളായോ അന്തിമറിപ്പോര്‍ട്ടായോ പരിഗണിക്കുമെന്ന് അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ടില്‍ ചാര്‍ജ് ഷീറ്റോ അന്വേഷണാത്മക കണ്ടെത്തലുകളോ ഇല്ല. അന്വേഷണ റിപ്പോര്‍ട്ടായി ഇത് പരിഗണിക്കാനാവില്ല. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി പോലും നിയമോപദേശം നല്‍കിയ ഒരു റിപ്പോര്‍ട്ട് അന്തിമം ആണെന്ന് എങ്ങനെ പറയാന്‍ കഴിയും. അന്തിമ അന്വേഷണം നടക്കട്ടെ. ഈ വിഷയം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അന്വേഷിക്കരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മാന്യത കാത്തുസൂക്ഷിക്കുന്നതിലും പാര്‍ട്ടിയും പുതുതായി രൂപീകരിച്ച ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയില്‍ മാത്രമാണ് രാഷ്ട്രീയം ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രൊഫഷണല്‍ ആകണം. മറ്റു ജോലികളുടെ ഭാഗമായി മാത്രം രാഷ്ട്രീയം കൊണ്ടുനടക്കണം. അപ്പോള്‍ അഴിമതിക്ക് സാധ്യത കുറയും. ബിജെപിക്ക് അധികാരത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്നും തരൂര്‍ പരിഹസിച്ചു.