‘ഹിപ്പപ്പൊട്ടോമൊണ്‍സ്‌ട്രോസ്‌ക്യുപ്പിഡാലിയോഫോബിയ’; വീണ്ടും വിചിത്ര വാക്കുകളുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: വിചിത്രമായ വാക്കുകള്‍ പ്രയോഗിച്ച് പലപ്പോഴും ഞെട്ടിച്ച നേതാവാണ് തിരുവനന്തപുരം എം.പി ശശി തരൂര്‍. സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത സങ്കീര്‍ണമായ വാക്കുകള്‍ ഉപയോഗിച്ച് പലപ്പോഴും അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. എല്ലാം ജനങ്ങള്‍ ഏറ്റെടുത്തിട്ടുമുണ്ട്.ഇപ്പോഴിതാ പുതിയ വാക്കുമായി വീണ്ടും എത്തിയിരിക്കുകയാണ് ശശി തരൂര്‍. തന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെ അനുകരിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയ്ക്ക് പ്രതികരണമായി ചെയ്ത ട്വീറ്റിലാണ് തരൂരിന്റെ ഏറ്റവും പുതിയ ഭാഷാപ്രയോഗങ്ങളുള്ളത്.

‘hippopotomonstrosesquipedaliophobia’, ‘garrulous’, ‘sesquipedalian’ എന്നീ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. കൊമേഡിയന്‍ ആയ സലോനി ഗൗര്‍ തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും സങ്കീര്‍ണമായ ഭാഷാപ്രയോഗത്തെയും ഒരു വെബ് സീരീസിലെ കഥാപാത്രത്തെ അനുകരിച്ച് അവതരിപ്പിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുകയും ബോളിവുഡ് സംവിധായകന്‍ ഹന്‍സാല്‍ മേത്ത ഇത് തരൂരിനെ ടാഗ് ചെയ്ത് റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പുതിയ വാക്കുകള്‍ ഉപയോഗിച്ച് ഇതിന് മറുപടി നല്‍കുകയായിരുന്നു ശശി തരൂര്‍. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

SHARE