തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം വരാനിരിക്കെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആക്ഷേപ ശരമെറിഞ്ഞ് സോഷ്യല്‍ മീഡിയയും. കിട്ട്യോ? എന്ന ചോദ്യവുമായാണ് സോഷ്യല്‍ മീഡിയയില്‍ ഉത്തര പേപ്പര്‍ തിരയുന്നത്. പൊതുസ്ഥലങ്ങളില്‍ പ്രതീകാത്മക തിരിച്ചില്‍ നടത്തി നേരത്തെ എം.എസ്.എഫ് ശ്രദ്ധേയമായ സമരം സംഘടിപ്പിച്ചിരുന്നു. ഈ വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊല്ലം മുട്ടറ സ്കൂളിലെ ഉത്തരകടലാസ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കുമെന്നാണ് ഏറ്റവും ഒടുവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വാഗ്ദാനം. ക്രിക്കറ്റ് കളി മുടങ്ങിയാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ആനുപാതികമായി റണ്‍സ് കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഡക്ക് വര്‍ത്ത് ലൂയിസ് നിയമം വിദ്യാഭ്യാസ വകുപ്പില്‍ ഉപയോഗിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയെന്നാണ് മന്ത്രി രവീന്ദ്രനാഥിനെ സോഷ്യല്‍ മീഡിയ കളിയാക്കുന്നത്.
കൊട്ടാരക്കരയില്‍ നിന്നും പാലക്കാട് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് എത്തേണ്ടിയിരുന്ന ഉത്തര കടലാസുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അശ്രദ്ധ കൊണ്ട് മേല്‍വിലാസം മാറി എറണാകുളത്ത് എത്തുകയും അവിടെ നിന്ന് പാലക്കാട് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയച്ചു എന്ന് പറയപ്പെടുകയും ചെയ്യുന്നു. ഈ ഉത്തരക്കടലാസുകളാണ് കാണാതായത്. പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് ചെറിയ കാര്യങ്ങള്‍ക്കു പോലും തെരുവിലിറങ്ങുന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പുതിയ വിവാദങ്ങളില്‍ മൗനത്തിലാണ്.