ലൈംഗിക പീഡനം; പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും ഒരേ വേദിയില്‍; സിപിഎമ്മിനെ ട്രോളി പോസ്റ്റര്‍

മണ്ണാര്‍ക്കാട് പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍

മണ്ണാര്‍ക്കാട്: ലൈംഗിക പീഡന ആരോപണത്തില്‍ വിവാദത്തിലായ സി.പി.എം എം.എല്‍.എ പി.കെ ശശിയെയും മന്ത്രി എ.കെ ബാലനേയും പരിഹസിച്ച് പോസ്റ്ററുകള്‍.

ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന എംഎല്‍എ പി.കെ ശശിയും അന്വേഷണ കമ്മീഷന്‍ അംഗം മന്ത്രി എ .കെ ബാലനും ഒരേ വേദി പങ്കിടുന്നതിനെ ട്രോളിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ ഇന്ന് വൈകീട്ട് പരിപാടിയില്‍ ഇരുവരും ഒപ്പം വേദി പങ്കിടുന്നതിനെ ട്രോളിയാണ് പോസ്റ്ററുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

പി.കെ ശശിയും എ .കെ ബാലനും തമ്മില്‍ ചിരിക്കുന്ന പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. മണ്ണാര്‍ക്കാട് പ്രത്യക്ഷപ്പെട്ടു പോസ്റ്ററില്‍ ‘പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയില്‍’ എന്ന പരിഹാസ വാചകം എഴുതിയിട്ടുമുണ്ട്. “നാടകമേ ഉലക്കം”, “നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചു്ക്കും അറിയി്ല്ല” തുടങ്ങിയ പരിഹാസ വാക്കുകളും പോസ്റ്ററിലുണ്ട്.

സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്നവര്‍ക്കുളള സ്വീകരണ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുക. മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ വൈകിട്ട് 6 നാണ് പരിപാടി. തച്ചമ്പാറയിലും മണ്ണാര്‍ക്കാട് ബസ്റ്റാന്‍ഡ് പരിസരത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. അതേസമയം പി.കെ ശശിക്ക് പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ഇരുവരും വേദി പങ്കിടുന്നതില്‍ തെറ്റില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ അറിയിച്ചു.