മുസ്‌ലിമിന് ഇന്ത്യയില്‍ ജീവിക്കാനവകാശമില്ലെന്ന പ്രഖ്യാപനമാണ് പൗരത്വ ഭേദഗതി ബില്‍;സാറാ ജോസഫ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത വിമര്‍ശനവുമായി സാറാ ജോസഫ്.എന്തൊക്ക പരിമിതികളുണ്ടെങ്കിലും ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തും തുടര്‍ന്നുള്ള കാലഘട്ടത്തിലുമെല്ലാം ജീവിച്ച തലമുറക്ക് ഇന്ത്യയെന്ന രാജ്യം അത്ഭുതകരമായ ഒരനുഭവം തന്നെയായിരുന്നു. എന്നാലതാണ് ഇപ്പോള്‍ നഷ്ടമാകുന്നത് സാറാ ജോസഫ് പറഞ്ഞു. എല്ലാ ജാതി മത വര്‍ഗ്ഗ സാമൂഹ്യ വിഭാഗങ്ങളുടേയും തുല്ല്യതയിലധിഷ്ഠിതമായ സഹവര്‍ത്തിത്വമാണ് നമ്മുടെ ഭരണഘടന ലക്ഷ്യം വെക്കുന്നത്. സംഘപരിവാര്‍ ശക്തികളൊഴികെയുള്ളവരെല്ലാം ഭരണഘടനയെ ബഹുമാനിക്കുന്നുമുണ്ട്.

ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യം നേടാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് പൗരത്വ ഭേദഗതി ബില്ലെന്നും സാറാ ജോസഫ് പറഞ്ഞു.മുസ്ലിമില്ലാത്ത രാഷ്ട്രമാണ് ലക്ഷ്യമെന്ന് ഒരു ബിജെപി എംഎല്‍എ പരസ്യമായി തന്നെ പറഞ്ഞിരുന്നു.ഇതിന് മണ്ടത്തരമെന്നു പറഞ്ഞ് നമ്മള്‍ തള്ളിക്കളയരുത് അവര്‍ പറഞ്ഞു. മുസ്‌ലിമിനുമാത്രമല്ല, സ്ത്രീകള്‍ക്കും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കും എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രിക്ക് കത്തയക്കുന്നവരെപോലും പാക്കിസ്ഥാനിലേക്കയക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.സംഘപരിവാറിന്റെ അജണ്ടകളില്‍ ഭരണഘടനക്ക് യാതൊരു വിലയുമില്ലെന്ന് വീണ്ടും തെളിയിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

SHARE