സന്തോഷ്‌ട്രോഫി: കേരള ടീമിന് ആവേശോജ്വല വരവേല്‍പ്പ്

14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവുമായി കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങിയെത്തിയ കേരള ടീമിന് കൊച്ചിയില്‍ ആവേശോജ്വല വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലും വന്‍ വരേവേല്‍പ്പാണ് കേരള ഫുട്‌ബോള്‍ അസോസിയേഷനും ഫുട്‌ബോള്‍ ആരാധകരും താരങ്ങള്‍ക്കായി ഒരുക്കിയത്.

ഉച്ചതിരിഞ്ഞ് 3.05ന് കളിക്കാരുമായി വിസ്താര എയര്‍വേയ്‌സ് വിമാനത്താവളത്തില്‍ പറന്നിറങ്ങി. യാത്ര രേഖയിലെ പിശകുകാരണം ടീമിലെ ഗോള്‍കീപ്പര്‍മാരിലൊരാളായ അജ്മല്‍ മറ്റൊരു വിമാനത്തിലാണ് പിന്നീട് കൊച്ചിയിലെത്തിയത്. നാലോടെ താരങ്ങളെല്ലാം വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി. പരിശീലകന്‍ സതീവന്‍ ബാലനും ട്രോഫിയേന്തി നായകന്‍ രാഹുല്‍ വി.രാജും ആദ്യമേ എത്തിയപ്പോള്‍ മുതല്‍ നിലയ്ക്കാത്ത കരഘോഷങ്ങളും ആര്‍പ്പുവിളികളുമുയര്‍ന്നു. ആരവങ്ങള്‍ക്ക് ആവേശമേറ്റി ചെണ്ടവിളികളും ടീമിന് അഭിവാദ്യമര്‍പ്പിച്ചുള്ള മുദ്രാവാക്യ വിളികളും മുഴങ്ങി. ഒഴുകിയെത്തിയ ആരാധകര്‍ക്കു നടുവിലൂടെ ടീം അംഗങ്ങള്‍ ഓരോരുത്തരായി നടന്നെത്തി. മന്ത്രി കെ.ടി. ജലീല്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, പി.ടി തോമസ്, റോജി എം ജോണ്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ തുടങ്ങിയവര്‍ ടീമംഗങ്ങളെ സ്വീകരിക്കാനെത്തി. തുടര്‍ന്നു പ്രത്യേകം തയ്യാറാക്കിയ ബസില്‍ ടീമംഗങ്ങള്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സ്വീകരണത്തിനായി കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് പോയി. സ്‌റ്റേഡിയത്തിലെത്തിയ ടീമിനെ നാസിക് ഡോളിന്റെ അകമ്പടിയോടൊയാണ് ആരാധകര്‍ വരവേറ്റത്. തുടര്‍ന്ന് മൈതാനത്തേക്കിറങ്ങിയ താരങ്ങള്‍ പരസ്പരം ചിത്രങ്ങള്‍ പകര്‍ത്തിയും ട്രോഫി എടുത്തുയര്‍ത്തിയും മുത്തമിട്ടും വിജയത്തിന്റെ മധുരം ആവോളം ആസ്വദിച്ചു.

കേരളം ഇതിന് മുമ്പ് സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ചപ്പോള്‍ വേദിയൊരുക്കിയത് കൊച്ചി സ്റ്റേഡിയമായിരുന്നു. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് കേരളം തോല്‍ക്കുകയായിരുന്നു. പല താരങ്ങളുടെയും കുടുംബങ്ങളും സുഹൃത്തുക്കളും സ്വീകരണ ചടങ്ങിന് എത്തിയിരുന്നു. താരങ്ങളുടെ സെല്‍ഫികള്‍ പകര്‍ത്താനും നിരവധി പേരെത്തി. ടീമംഗങ്ങളില്‍ ഒരാളായ അനുരാഗിന് ടീമിന്റെ സ്‌പോണ്‍സര്‍ കൂടിയായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് വീട് നിര്‍മിച്ചു നല്‍കുമെന്നുള്ള പ്രഖ്യാപനം താരങ്ങള്‍ കയ്യടികളോടെയാണു വരവേറ്റത്. സ്വീകരണത്തിന് ശേഷം പരിശീലകരും താരങ്ങളും ടൂര്‍ണമെന്റ് അനുഭവങ്ങള്‍ സദസുമായി പങ്കുവച്ചു. ടൂര്‍ണമെന്റിന് മുമ്പ് പരിശീലകന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനമാണ് വിജയത്തിന്റെ രഹസ്യമെന്ന് നായകന്‍ രാഹുല്‍ വി രാജ് പ്രതികരിച്ചു. നാടിന് വേണ്ടി കിരീടം നേടാനായത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തിന്റെ മണ്ണിലെത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. കൂട്ടായ്മയുടെ വിജയമാണിതെന്നും രാഹുല്‍ പറഞ്ഞു. ടീം നേടിയത് മഹത്തായ വിജയമാണെന്നായിരുന്നു കോച്ച് സതീവന്‍ ബാലന്റെ പ്രതികരണം.