മിന്നിയത് സഞ്ജു മാത്രം

 

ഹൈദരാബാദ്: തിരിച്ചുവരവില്‍ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗ് പിഴച്ചു. വിലക്കിന്റെ രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ ഹൈദരാബാദിന് മുന്നില്‍ രാജസ്ഥാനായി പൊരുതിയത് മലയാളി താരം സഞ്ജു സാംസണ്‍ മാത്രം. 42 പന്തില്‍ 49 റണ്‍സുമായി യുവ വിക്കറ്റ് കീപ്പര്‍ മിന്നിയെങ്കിലും നായകന്‍ അജിങ്ക്യ രഹാനെ ഉള്‍പ്പെടെയുള്ളവര്‍ നിറം മങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നേടിയത് കേവലം 125 റണ്‍സ് മാത്രം. ഹൈദരാബാദാവട്ടെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്ടമായെങ്കിലും കൂളായി ലക്ഷ്യത്തിലെത്തി. രഹാനെയും ഡി.ജെ.എം ഷോര്‍ട്ടുമാണ് റോയല്‍സിന്റെ ഇന്നിംഗ്‌സ് തുടങ്ങിയത്. പക്ഷേ ആറ് റണ്‍സ് മാത്രം സ്‌ക്കോര്‍ബോര്‍ഡിലുള്ളപ്പോള്‍ ഓസ്‌ട്രേലിയക്കാരന്‍ റണ്ണൗട്ടായി. കളിയിലുടനീളം ഉജ്ജ്വല ഫീല്‍ഡിംഗ് നടത്തിയ നായകന്‍ കീത്ത് വില്ല്യംസണിന്റെ ത്രോ സ്റ്റംമ്പില്‍ പതിക്കുമ്പോള്‍ ഷോര്‍ട്ട് ചിത്രത്തിലുണ്ടായിരുന്നില്ല. പക്ഷേ രഹാനെയും സാംസണും ആദ്യ വിക്കറ്റ് നഷ്ടം കാര്യമാക്കിയില്ല. രണ്ട് പേരും സ്‌ക്കോര്‍ 52 കടത്തി. ആക്രമണമെല്ലാം തിരുവനന്തപുരത്തുകാരന്റെ വകയായിരുന്നു. അതിനിടെ കൗള്‍ രംഗത്ത് വന്നപ്പോള്‍ രഹാനെ വീണു. 13 പന്തില്‍ 13 റണ്‍സ് നേടിയ നായകന്‍ മടങ്ങിയത് പക്ഷേ സ്‌ക്കോറിംഗിനെ ബാധിച്ചില്ല. ഇംഗ്ലീഷുകാരന്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ സാക്ഷിയാക്കി സാംസണ്‍ അടി തുടര്‍ന്നു. പൊന്നിന്‍ വിലക്ക് വാങ്ങിയ സ്‌റ്റോക്ക്‌സിനെ പക്ഷേ അഞ്ച് റണ്‍സ് നേടാനാണ് കഴിഞ്ഞത്. പകരം വന്ന ത്രിപാഠി പലവട്ടം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഒടുവില്‍ 17 ല്‍ അദ്ദേഹം പുറത്തായി. ഒന്നിന് പിറകെ ഒന്നായി ബാറ്റ്‌സ്മാന്മാര്‍ മടങ്ങിയപ്പോള്‍ ഭാരം മുഴുവന്‍ സാംസണിലായി. 49 ല്‍ ഷക്കിബുല്‍ ഹസനെ പറത്താനുള്ള ശ്രമത്തില്‍ അദ്ദേഹവും പുറത്തായതോടെ റോയല്‍സ് വേഗം വീണു. വാലറ്റത്തില്‍ ചെറുത്തുനില്‍പ്പ് നടത്തിയത് 18 റണ്‍സ് നേടിയ ഗോപാല്‍ മാത്രം. ഹൈദരാബാദിന് വേണ്ടി ഷക്കീബ്, കൗള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചെറിയ സ്‌ക്കോര്‍ പിന്തുടരാന്‍ ഹൈദരാബാദിന് ശിഖര്‍ ധവാന്‍ ധാരാളമായിരുന്നു. ഇന്ത്യന്‍ ഓപ്പണറുടെ വെടിക്കെട്ടില്‍ മല്‍സരം പെട്ടെന്ന് അവസാനിച്ചു. അര്‍ധശതകവുമായി ധവാന്‍ സീസണിന് ഗംഭീര തുടക്കവുമിട്ടു.

SHARE