ന്യൂഡല്‍ഹി: ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കര്‍. സഞ്ജു സാംസണ് ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കളിക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ തന്റെ കഴിവു പുറത്തെടുക്കാന്‍ സാധിക്കുമെന്ന് സുനില്‍ ഗാവസ്കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ജനുവരിയുടെ തുടക്കത്തില്‍ തന്നെ നമുക്ക് ട്വന്റി20 മത്സരങ്ങളുണ്ട്. ശ്രീലങ്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളുണ്ട്. ഇനിയും അവസരങ്ങളുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പാണെന്നും സുനില്‍ ഗാവസ്കര്‍ പറഞ്ഞു. ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു തുടക്കമാകുക. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 ടീമില്‍ സഞ്ജുവിനെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഓപ്പണര്‍ ശിഖര്‍ ധവാനു പരുക്കേറ്റതോടെ താരത്തെ ടീമിലേക്കു വിളിക്കുകയായിരുന്നു. ബംഗ്ലദേശിനെതിരായ ടീമിലും സഞ്ജു ഉണ്ടായിരുന്നെങ്കിലു!ം കളിക്കാന്‍ അവസരം ലഭിച്ചില്ല.
അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കു ജയിക്കാന്‍ സാധിക്കണമെങ്കില്‍ വിരാട് കോലിയും സംഘവും ഫീല്‍ഡിങ് മെച്ചപ്പെടുത്തണമെന്നും ഗാവസ്കര്‍ പറഞ്ഞു. ഫീല്‍ഡിങ് ആണ് ഏറ്റവും പ്രധാനമെന്ന് എനിക്കു തോന്നുന്നു. റണ്‍സ് സംരക്ഷിക്കാന്‍ സാധിച്ചാല്‍ എതിരാളികളെ സമ്മര്‍ദത്തിലാക്കാം. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം പരിതാപകരമായിരുന്നു. നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വിട്ടുകളഞ്ഞത്.
ട്വന്റി20യില്‍ റണ്‍സ് പ്രതിരോധിക്കുന്നതിലുള്ള പ്രശ്നങ്ങള്‍ ഇന്ത്യയുടേതു മാത്രമല്ല. ലോകത്തുള്ള എല്ലാ ടീമുകളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. ആദ്യ ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസും സമാനമായ പ്രശ്നത്തില്പെട്ടു. വൈകുന്നേരങ്ങളിലെ മത്സരങ്ങളില്‍ മഞ്ഞിന്റെ സ്വാധീനവും പ്രധാനമാണ്. നനഞ്ഞ പന്തുമായി ബോള്‍ ചെയ്യുകയെന്നതു ബോളര്മാര്ക്കും പ്രശ്നമാണ്. ഫീല്‍ഡര്‍മാര്‍ക്കു പന്തില്‍ ഗ്രിപ്പ് കിട്ടാത്തതിനാല്‍ ഫീല്‍ഡിങ്ങിലും ക്യാച്ച് എടുക്കുമ്പോഴുമെല്ലാം പ്രശ്നമാണെന്നും സുനില്‍ ഗാവസ്കര്‍ പ്രതികരിച്ചു.