സഞ്ജു കരുത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം; ഗോവയെ തുരത്തിയത് ഒമ്പത് വിക്കറ്റിന്

 

വിശാഖപട്ടണം: സയ്യിദ് മുഷ്താഖ്അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് മികവില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. സഞ്ജു സാംസണിന്റെ (65) അപരാജിത അര്‍ധ സെഞ്ച്വറിക്കരുത്തില്‍ ഗോവയെ ഒമ്പത് വിക്കറ്റിനാണ് കേരളം തകര്‍ത്തുവിട്ടത്. നാലു വീതം ഫോറും സിക്‌സും അടിച്ചകൂട്ടിയ സഞ്ജു ഗോവ ഉയര്‍ത്തിയ 139 എന്ന വിജയ ലക്ഷ്യം നാലു ഓവറും ഒരു പന്തും ബാക്കി നില്‍ക്കെ അനായാസം ജയിച്ചു കയറുകയായിരുന്നു. കേരളത്തിനായി ഓപണര്‍ വിഷ്ണു വിനോദ് 19 പന്തില്‍ 34 റണ്‍സുമായി മികച്ച തുടക്കം നല്‍കിയപ്പോള്‍ അരുണ്‍ കാര്‍ത്തിക് (37) റണ്‍സുമായി സഞ്ജുവിന് പിന്തുണ നല്‍കി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗോവയെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിനു ഒതുക്കുകയായിരുന്നു കേരളം. അരങ്ങേറ്റക്കാരന്‍ കെ എം ആസിഫും അഭിഷേക് മോഹനനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പിയും ഫാബിദ് അഹമ്മദും ഓരോ വീതം വിക്കറ്റ് നേടി. ഗോവക്കായി കീനാന്‍ വാസ് (36) ടോപ് സ്‌കോററായി. ധര്‍ശന്‍ മിശാല്‍ (24), സഗുന്‍ കമത് (24) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് മാന്യമായ സ്‌കോറില്‍ ഗോവയെ എത്തിച്ചത്.

.

SHARE