‘ഇത് ദേശീയ അന്വേഷണം അര്‍ഹിക്കുന്ന സംഭവമാണോ?; ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ സഞ്ജീവ് ഭട്ട്

ഹാദിയ-ഷെഫീന്‍ ജഹാന്‍ കേസിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിലപാടില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സഞ്ജീവ് ഭട്ട് കോടതിയെ വിമര്‍ശിച്ചിരിക്കുന്നത്.

24 വയസ്സുള്ള മുസ്‌ലിം യുവതിയും 27 വയസ്സുള്ള ഹിന്ദു യുവാവും തമ്മില്‍ വിവാഹിതരാവുകയും പെണ്‍കുട്ടിയെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയുമാണെന്ന് കരുതുക. മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയെ വിടാന്‍ കോടതിവിധി വരുന്നു. എന്നാല്‍ ഈ കേസില്‍ ഒരു ദേശീയ അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് സഞ്ജീവ് ഭട്ട് ചോദിക്കുന്നു. പ്രായപൂര്‍ത്തിയായ ആളുകള്‍ പരസ്പരസമ്മതത്തോടെ നടത്തുന്ന വിവാഹങ്ങളില്‍ എന്തിനാണ് കോടതി ഇടപെടുന്നത്? വിശ്വാസങ്ങള്‍ക്കനുസരിച്ച് അവര്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അവള്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏത് മതത്തിലായാലും ശിക്ഷിക്കപ്പെടണം. ഇതൊരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിംയുവാവിനെ വിവാഹം കഴിച്ചാലും ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറയുന്നു.

ഹാദിയ-ഷെഫീന്‍ കേസില്‍ ദേശീയ ഏജന്‍സിയുടെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് സഞ്ജീവ് ഭട്ടിന്റെ വിമര്‍ശനം. കോടതി ഉത്തരവു പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ പോയതും പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസറ്റ് ചെയ്തതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.