മാതൃത്വം ഒന്നിനും തടസമല്ല; തിരിച്ചുവരവില്‍ സാനിയക്ക് ജയത്തുടക്കം

അമ്മയായ ശേഷം ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ സാനിയ മിര്‍സക്ക് വിജയത്തുടക്കം. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ വനിതാ ഡബിള്‍സില്‍ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ കാറ്റോകലാഷ്‌നിക്കോവ സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍: 26, 76, 103. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാനിയ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്.

2017 ഒക്‌ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. ആണ്‍കുഞ്ഞിന്റെ അമ്മയായ സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ ഒരു ടൂര്‍ണമെന്റ് കളിക്കാന്‍ പരിശ്രമിക്കുന്നതായും ടോക്യോ ഒളിംപിക്‌സ് മനസിലുണ്ടെന്നും സാനിയ അന്ന് വ്യക്തമാക്കിയിരുന്നു. ആറ് മിക്‌സഡ് ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുണ്ട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിത ടെന്നീസ് താരമായ സാനിയ മിര്‍സ. മകള്‍ ജനിച്ച് പത്ത് മാസം കഴിഞ്ഞ് കളിക്കളത്തില്‍ തിരിച്ചെത്തിയ സെറീന വില്ല്യംസും മൂന്ന് കുട്ടികളുടെ അമ്മയായ ശേഷം ഇടിക്കൂട്ടില്‍ എതിരാളിയെ മലര്‍ത്തിയടിച്ച മേരി കോമും സാനിയയ്ക്ക് പ്രചോദനമായിരുന്നു.

SHARE