ആസിഫ കൊലപാതകം: തന്റെ പ്രതികരണത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തയാള്‍ക്കെതിരെ സാനിയ മിര്‍സ

എട്ടു വയസ്സുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലുള്ള തന്റെ പ്രതിഷേധത്തോട് വര്‍ഗീയമായി പ്രതികരിച്ചയാള്‍ക്കെതിരെ ഉചിതമായ മറുപടിയുമായി ടെന്നിസ് താരം സാനിയ മിര്‍സ. ആസിഫയുടെ സ്ഥാനത്ത് ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് ചോദിച്ചയാള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചത്.

ആസിഫ കൊലപാതകത്തിലെ കുറ്റപത്രം സംബന്ധിച്ച ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത ഷെയര്‍ ചെയ്ത് സാനിയ ചെയ്ത ട്വീറ്റിനു കീഴെയാണ് രാജന്‍ എന്നയാള്‍ വര്‍ഗീയ പ്രതികറണം നടത്തിയത്.

‘ലോകത്ത് നാം അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള രാജ്യം തന്നെയാണോ ഇത്? ലിംഗ – ജാതി – വര്‍ണ – മത ഭേദമന്യേ ഈ എട്ടുവയസ്സുകാരിക്കൊപ്പം നില്‍ക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ ലോകത്തില്‍ ഒന്നിനു വേണ്ടിയും, മനുഷ്യത്വത്തിനു വേണ്ടി പോലും നാം നില്‍ക്കില്ല. അടിയവര്‍ വരെ എന്നെ അസ്വസ്ഥയാക്കുന്നു.’ എന്നായിരുന്നു സാനിയയുടെ ട്വീറ്റ്.

സാനിയ മിര്‍സയുടെ അഭിപ്രായ പ്രകടനത്തോട് നിരവധി പേര്‍ യോജിച്ചപ്പോള്‍, സംഘ് പരിവാറിനു വേണ്ടി ട്വീറ്റുകള്‍ ചെയ്യാറുള്ള രാജന്‍ ടെന്നിസ് താരത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുകയായിരുന്നു.

‘നിങ്ങള്‍ ട്വീറ്റ് ചെയ്തത് നന്നായി. പക്ഷേ, നിര്‍ഭയ ബലാത്സംഗ സംഭവത്തിലോ ഹിന്ദു പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട മറ്റു സംഭവങ്ങളിലോ നിങ്ങള്‍ ട്വീറ്റ് ചെയ്തത് എനിക്കോര്‍മയില്ല.’ എന്നാണ് രാജന്‍ കുറിച്ചത്. നിരവധി പേര്‍ ഇതിനെതിരെ പ്രതികരണം അറിയിച്ചു.

അതിനിടെയാണ് ഈ ട്വീറ്റ് ഉദ്ധരിച്ച് സാനിയ തന്നെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘താങ്കള്‍ കാര്യമായിട്ടാണോ? എന്താണ് താങ്കളുടെ പ്രശ്‌നം? ഇതിലേക്കും മതം കൊണ്ടുവരാന്‍ എങ്ങനെ കഴിയുന്നു? ഇരയുടെയോ കുറ്റവാളിയുടെയോ മതം പരിഗണിക്കാതെ എല്ലാ എല്ലാ കൊടും കുറ്റകൃത്യവും നിര്‍ത്തപ്പെടണം.’ – സാനിയ കുറിച്ചു.

പാകിസ്താന്‍ ക്രിക്കറ്റ് താരം ശുഐബ് മാലികിനെ വിവാഹം ചെയ്തതിന്റെ പേരില്‍ സംഘ് പരിവാര്‍ സാനിയ മിര്‍സക്കെതിരെ മുമ്പ് രംഗത്തു വന്നിരുന്നു.