അമ്മയായ ശേഷം സാനിയ വീണ്ടും കോര്‍ട്ടിലേക്ക്

ന്യൂഡല്‍ഹി: അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ മിര്‍സ. ‘ഇന്ന് ഇത് സംഭവിച്ചു’ എന്ന തലക്കെട്ടോടെ സാനിയ തന്നെയാണ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സാനിയ മിര്‍സ-ഷുഹൈബ് മാലിക് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഇസ്ഹാന്‍ മിര്‍സ മാലിക്ക് എന്നാണ് കുഞ്ഞിന് നല്‍കിയ പേര്.

ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നതിനായി സാനിയ കഴിഞ്ഞ നവംബര്‍ മുതല്‍ ജിമ്മില്‍ പരിശീലനം ആരംഭിച്ചിരുന്നു. 32 വയസുകാരിയായ സാനിയ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഏഴ് മാസം ഗര്‍ഭിണി ആയിരിക്കുമ്പോള്‍ സഹോദരി അനം മിര്‍സക്കൊപ്പം ടെന്നീസ് കളിച്ച് സാനിയ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അമ്മയായ ശേഷം സെറീന വില്യംസും നേരത്തെ കോര്‍ട്ടില്‍ തിരിച്ചെത്തിയിരുന്നു.

SHARE