കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സമയം ഒരിക്കല്‍ കൂടി നാം മലയാളികളുടെ മാനവികത അനുഭവിച്ചറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട ഉടന്‍ തന്നെ വിമാനത്താവളത്തിലേക്ക് ഓടിയെത്തി പരിക്കേറ്റവരെ മുഴുവന്‍ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത് നാട്ടുകാരായിരുന്നു. കണ്ടയ്മെന്റ് സോണിലാണ് കൊണ്ടോട്ടി. എന്നാല്‍ അതൊന്നും വകവെക്കാതെ കനത്ത മഴയേയും കൊറോണയേയും വകഞ്ഞുമാറ്റി അവര്‍ രംഗത്തിറങ്ങി. പരിക്കേറ്റവര്‍ക്ക് രക്തം വേണമെന്ന സന്ദേശം പരന്നതോടെ അര്‍ധരാത്രി വിവിധ ആശുപത്രികളിലേക്ക് കൊറോണ ഭീതി മാറ്റിവെച്ച് ജനമൊഴുകി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അര്‍ധരാത്രിയിലും രക്തം നല്കാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു.



മനുഷ്യര്‍ ഇങ്ങനെ ഒരു മനസ്സായി തന്റെ സഹജീവികള്‍ക്ക് വേണ്ടി സര്‍വ്വതും മറന്ന് രംഗത്തിറങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര് തങ്ങളുടെ പതിവ് പരിപാടിയിലായിരുന്നു. കേരളത്തിനെതിരെയും വിശേഷിച്ച് മലപ്പുറത്തെ മുസ്ലിങ്ങള്‍ക്കെതിരെയും തങ്ങളുടെ ഉള്ളിലെ വെറുപ്പ് ഛര്‍ദ്ദിക്കുന്ന തിരക്കിലായിരുന്നു സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍. വിമാനത്തിലുള്ളവരെല്ലാം തീവ്രവാദികളാണെന്നും അവര്‍ സ്വര്‍ണക്കടത്തുകാരാണെന്നും പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു അവര്‍. രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കാത്ത ജിഹാദി കേന്ദ്രമായ കേരളത്തിന് ഇത് വേണമെന്നാണ് പല സംഘ്പ്രൊഫൈലുകളുടെയും പക്ഷം. ചിലര്‍ക്ക് എത്രപേര്‍ മരിച്ചുവെന്നറിയാനുള്ള തിടുക്കമായിരുന്നു. മനുഷ്യര്‍ മാലാഖമാരായി സഹജീവികള്‍ക്ക് വേണ്ടി പണിയെടുക്കുമ്പോള്‍ ഒറ്റുകാരായി വെറുപ്പ് വിതക്കുന്നവരെ ഒരിക്കല്‍ കൂടി കേരളം തിരിച്ചറിയുകയാണ്.


