എസ്.എ.എം ബഷീര്‍
ഇന്ത്യയെന്ന മനോഹര രാജ്യത്തിന്റെ കടക്കലാണ് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കത്തികള്‍കൊണ്ട് പരിവാര്‍ ആഞ്ഞുവെട്ടുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടനയുടെ ആത്മാവിനെയാണ് അവര്‍ കൊല്ലാന്‍ നോക്കുന്നത്. ഇന്ത്യക്കൊരു പൈതൃകമുണ്ട്. അനേകം നാട്ടു രാജ്യങ്ങളായി അനേകം മതങ്ങളായി നൂറു നൂറു ഭാഷകളും വേഷങ്ങളും ആചാരങ്ങളും സംസ്കാരങ്ങളും നിരവധി ജാതികളും ഉപജാതികളും ആയി നില്‍ക്കുമ്പോഴും ഇന്ത്യയെന്ന സങ്കല്പം ഒന്നായിരുന്നു. ഔറംഗസീബും ബ്രിട്ടീഷുകാരും ഒന്നിപ്പിക്കുന്നതിന് മുമ്പും ഭൂമി ശാസ്ത്ര പരമായി ഹിമാലയം മുതല്‍ കന്യാകുമാരി വരെ ഇന്ത്യ നിലനിന്നിരുന്നു.
ഋഷി പ്രോക്ത്ര സംസ്കൃതികളില്‍ നിന്നും വേദങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, സ്മൃതികള്‍ , ശ്രുതികള്‍, പുരാണങ്ങള്‍ എന്നിവയില്‍ നിന്നും ഉദയംകൊണ്ട ഭാരതീയ സംസ്കൃതിയുടെ മൗലികസത്ത അതിന്റെ ആത്മീയമായ സംസ്കാരമാണ്. അതുകൊണ്ടാണ് ഭാരതീയ സംസ്കാരം കാലാതിവര്‍ത്തിയായി ക്ഷതമേല്‍ക്കാതെ നിലനിന്നത്. അല്ലാതെ ഏറ്റുമുട്ടലിന്റെയും കലാപങ്ങളുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം രാജ്യത്ത് നിലനിന്നതുകൊണ്ടല്ല പുരാതന ഋഷി വര്യന്മാര് തലമുറകളിലൂടെ കൈമാറിയ വിജ്ഞാനവും സംസ്കാരവും തത്ത്വ ചിന്തയും എല്ലാം അടങ്ങിയതാണ് ആര്‍ഷഭാരത സംസ്കാരം. ഇത് ഏതെങ്കിലും പാര്‍ട്ടിക്കോ മതത്തിനോ വര്‍ഗത്തിനോ മാത്രം അവകാശപ്പെട്ടതല്ല മറിച്ച് എല്ലാ ഭാരതീയര്‍ക്കും മാനവരാശിക്കാകമാനവും അവകാശപ്പെട്ടതാണ്. ഈ മഹത്വമാണ് ഹൈന്ദവ സനാതന ധര്‍മ്മത്തിന്റെ കാതല്‍. അല്ലാതെ 1925 ല്‍ രൂപം കൊണ്ട സംഘി മതക്കാരുടെ രണോത്സുകതയല്ല. ഇന്ത്യാ രാജ്യത്തു നൂറ്റാണ്ടുകളായി ഹൈന്ദവ സനാതന സംസ്കൃതി യെ അഭംഗുരം നിലനിര്‍ത്തിയതില്‍ ആര്.എസ്.എസ്സിനോ ഇന്നത്തെ സംഘ്പരിവാറിനോ യാതൊരു പങ്കും ഇല്ല എന്നതാണ് സത്യം.
സിന്ധു നദീതട സംസ്കൃതിയെ തച്ചു തകര്‍ത്ത് തേരോട്ടം നടത്തിയ ആര്യന്മാരുടെ വരവോടെ ആരംഭിച്ച കയ്യേറ്റത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രംകൂടി ഉള്‍ച്ചേര്‍ന്നതാണ് ഇന്ത്യന്‍ ചരിത്രം. അയ്യായിരം വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഇന്ത്യന്‍ സംസ്കൃതി ഇന്ത്യയില്‍ ഉത്ഭവിച്ചതും വിദേശങ്ങളില്‍നിന്നും കടന്നുവന്നതുമായ എല്ലാ മത ദര്‍ശനങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചു. പലതിനെയും സ്വാംശീകരിച്ചു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ചേതോഹരമായ ഒരു ആദാന പ്രദാന പ്രക്രിയയായിരുന്നു അത്. ആ പരമ്പരാഗത ചിന്താ സരണിയുടെ ഭാഗമാണ് വ്യാസനും ബുദ്ധനും ശങ്കരാചാര്യരും ചാര്‍വാകനും ജൈനനും തുടങ്ങി ഉന്നത സൂഫി സന്യാസിമാരും.
1925 ല്‍ മാത്രം രൂപം കൊണ്ട സംഘി ചിന്താധാരക്കും അതിന്റെ ആചാര്യന്മാര്ക്കും തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനും ഒരു റോളുമില്ലാത്ത ചരിത്രത്തില്‍ തുല്യതയില്ലാത്ത അതിജീവനത്തിന്റെ ആത്മീയ ഔന്നത്യത്തിന്റെ ധന്യദീപ്തമായ ചരിത്രമാണത്. സംഘി മതം ഈ മണ്ണില്‍ സംഭവിക്കുന്നതിനും മുമ്പായിരുന്നു ഹൈന്ദവ ധര്മ്മതത്തിന്റെ പുഷ്കല സുവര്‍ണ്ണ കാലഘട്ടം. ഭക്തി പ്രസ്ഥാനവും നവോത്ഥാനവും ഒക്കെ ഈ സനാതന സംസ്കൃതിക്ക് ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്നതും സംഘികള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതിന് മുമ്പേ തന്നെയാണ്. ഇവിടെ വന്നു ചേര്‍ന്ന ഇസ്ലാമും ക്രിസ്തുമതവും മറ്റു മതങ്ങളും എല്ലാം ചേര്‍ന്നതാണ് ഈ സംസ്കൃതി. ഋഷിമാരുടെ ഫലേഛ ഇല്ലാത്ത ധ്യാനത്തിന്റെയും വിചിന്തനത്തിന്റെയും ഫലമായി നേടിയ അറിവുകള്‍ ധ്യാനദീപ്തമായ ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ‘ഒരുമിച്ചു ജീവിക്കാം, ഒരുമിച്ചു ഭക്ഷിക്കാം, ഒരുമിച്ചു പ്രവര്‍ത്തിക്കാം, അപ്രകാരം ഒരുമിച്ചു ചൈതന്യ മുള്ളവരായി തീരാം. ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത്. ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്റെ എല്ലായിടത്തുനിന്നും വന്നുചേരട്ടെ. ശാന്തി ശാന്തി എന്നാണ്.
കൃഷ്ണ യജുര്‍വേദ തൈത്തരീയ ഉപനിഷദ് 222 ഈ ആര്‍ഷഭാരത സനാതന ധര്‍മ്മത്തിന്റെ ഏറ്റവും മൂര്‍ത്തമായ രൂപമായിരുന്നു മഹാത്മാഗാന്ധി എന്ന ചേതോഹര വ്യക്തിത്വം. ബിര്‍ളാ മന്ദിരത്തിന്റെ അങ്കണത്തില്‍ ചോരപ്പൂക്കള്‍ ചൂടി റാം റാം വിളികളോടെ വീണു മരിച്ച ആ മഹാത്മാവിന്റെ ഇട നെഞ്ചിലേക്ക് നിറയൊഴിച്ചു എന്ന ക്രൂരതയല്ലാതെ മറ്റൊന്നും ഇന്ത്യന്‍ സംസ്കാരത്തിന് സംഭാവന ചെയ്തിട്ടില്ലാത്ത ഒരു കൂട്ടം ആ ഘാതകനെ ഇപ്പോള്‍ ദൈവമാക്കി പ്രതിഷ്ഠിക്കുന്നു. മതങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണാധികാരികളും പശുവിന്റെ പേരില്‍ മനുഷ്യരെ പച്ചക്ക് തെരുവില്‍ തച്ചു കൊന്നു കത്തിക്കുന്ന പ്രാകൃത ജനതയും. ചൊവ്വാദോഷവും ചാതുര്‍വര്‍ണ്യവും ജാതിയുടെ പേരിലുള്ള വിവേചനങ്ങളും മനുഷ്യനെ നൂറുതട്ടില് പ്രതിഷ്ഠിക്കലും ജീര്‍ണ്ണിച്ച മനുസ്മൃതി ചിന്തകളും എടുത്താല്‍ പൊങ്ങാത്ത അന്ധവിശ്വാസങ്ങളും സതിയെ ന്യായീകരിക്കുന്നവരും വിദ്വേഷവും വെറുപ്പും, പകയും കൊലയും കൊള്ളിവെപ്പും പകയും ക്രൗര്യവും ഒരു അലങ്കാരം പോലെ കൊണ്ടുനടക്കുന്നവരുമായ രാക്ഷസ ജന്മങ്ങള് ഈ സംസ്കാരത്തിന്റെ മൊത്ത ക്കുത്തക അവകാശപ്പെടുന്നു എന്നതാണ് ആധുനിക കാലത്തെ ഏറ്റവും വലിയ തമാശയും സമസ്യയും. അവരാണിപ്പോള്‍ ഇന്ത്യന്‍ ജനതയെ ദേശീയത പഠിപ്പിക്കുന്നത്. പൗരത്വത്തിന്റെ പട്ടികയുണ്ടാക്കുന്നത്. ദേശദ്രോഹി പട്ടം ചാര്‍ത്തിക്കൊടുക്കുന്നതും മറ്റുള്ളവരുടെ ദേശസ്നേഹം അളക്കുന്നതുമൊക്കെ. ദേശക്കൂറിന്റെ മാപിനി അവരാണ് കൈവശം വെച്ചിരിക്കുന്നത്. ഭാരതീയ സനാതന ധര്‍മ്മത്തിന്റെ ധ്വജവാഹകരാകാന്‍ ഇക്കൂട്ടര്‍ക്ക് കഴിയില്ല. അവര്‍ക്ക് ആര്‍ഷ ഭാരത സനാതന ധര്‍മ്മ സംസ്കൃതിയുടെ അന്തകരാകാനേ കഴിയുകയുള്ളൂ.