സംഘ്പരിവാര്‍ കാലത്ത് ഉര്‍ദു ഭാഷയുടെ അതിജീവനം

നൗഷാദ് റഹ്മാനി മേല്‍മുറി

മതേതര മൂല്യങ്ങള്‍ വളര്‍ത്തുന്നതിലും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സമ്പുഷ്ടമാക്കുന്നതിലും ഉര്‍ദു ഭാഷ അനല്‍പ്പമായ പങ്ക് വഹിച്ചിട്ടുണ്ട്. ഉര്‍ദു ഭാഷ പിറവിയെടുത്തത് ഇന്ത്യയിലാണ്. പട്ടാള ക്യാമ്പ്, സൈന്യം എന്നര്‍ത്ഥമുള്ള തുര്‍ക്കി പദമാണ് ഉര്‍ദു. ഹിന്ദ്-ആര്യായീ ഭാഷാകുടുംബത്തിലെ അംഗമായ ഉര്‍ദുവിന്റെ ഉത്ഭവം ഇന്ത്യയില്‍ എവിടെ, എപ്പോള്‍ എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ഈ ഭാഷക്ക് ഉര്‍ദു എന്ന പേര് സാര്‍വത്രികമാകുന്നതിനുമുമ്പ് മറ്റു ചില പേരുകളും ഉണ്ടായിരുന്നു. സബാനേ ദില്ലി, ഗുജരി, ദഖ്‌നി, ഹിന്ദുസ്ഥാനി, ഉര്‍ദുയെ മുഅല്ലാ, രേഖ്ത മുതലായവ ഇവയില്‍ ചിലതാണ്.

വ്യാകരണപരമായി ഹിന്ദിയോട് സാമ്യതയുള്ള ഭാഷയാണ് ഉര്‍ദു. എന്നാല്‍ ഹിന്ദി അതിന്റെ സാങ്കേതിക പദങ്ങള്‍ സംസ്‌കൃതത്തില്‍നിന്ന് സ്വീകരിച്ചപ്പോള്‍ ഉര്‍ദു പേര്‍ഷ്യന്‍-അറബി ഭാഷകളില്‍ നിന്ന് സ്വീകരിച്ചു. പേര്‍ഷ്യന്‍ സാഹിത്യത്തില്‍ നിന്നാണ് ഉര്‍ദുവിന് മികച്ച മതേതര പാരമ്പര്യം കിട്ടിയത്. ഇന്ത്യയിലെ ഭരണം സുഗമമാക്കാന്‍ ഉര്‍ദു പഠനത്തിന് ബ്രിട്ടീഷ് അധികാരികള്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നു. സാധാരണക്കാരോട് സംവദിക്കാന്‍ പ്രാദേശിക ഭാഷ സ്വായത്തമാക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് 1800ല്‍ ജോണ്‍ ഗില്‍ക്രിസ്റ്റിനെ മുന്‍നിര്‍ത്തി ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ ഫോര്‍ട്ട് വില്യം കോളജ് സ്ഥാപിച്ചത്. ഇംഗ്ലീഷ് ഉദ്യോഗസ്ഥര്‍ക്ക് ഉര്‍ദു ഭാഷയില്‍ പരിജ്ഞാനമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഉര്‍ദു സാഹിത്യ പുരോഗതിയില്‍ പ്രസ്തുത കോളജിന്റെ സംഭാവനകള്‍ അനവഗണനീയമാണ്.

ഉര്‍ദു മുസ്‌ലിംകളുടെ മാത്രം ഭാഷയാണെന്ന ധാരണ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ പൊതുഭാഷയാണ് ഉര്‍ദു. പ്രേംചന്ദ്, മുല്‍ക് രാജ് ആനന്ദ്, കിഷന്‍ചന്ദര്‍, ഫിറാഖ്, നാരായന്‍ ചക് പസ്ത് തുടങ്ങി നിരവധി അമുസ്‌ലിം സാഹിത്യകാരന്‍മാര്‍ ഉര്‍ദു സാഹിത്യത്തില്‍ നിറഞ്ഞുനില്‍പ്പുണ്ട്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷയായി ഉര്‍ദുവിന് സ്ഥാനമുണ്ട്. ഉത്തരേന്ത്യയില്‍ പ്രചുര പ്രചാരം നേടിയതുപോലെ ഉര്‍ദുഭാഷക്ക് കേരളത്തില്‍ പ്രാദേശിക ഭാഷ എന്ന ലേബലില്‍ ക്ലച്ച് പിടിക്കാന്‍ സാധിച്ചില്ലെങ്കിലും ഉര്‍ദുഭാഷയുടെ പ്രാരംഭ കാലത്ത് തന്നെ അതിന്റെ അലയൊലികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. കച്ചവടാവശ്യാര്‍ത്ഥം ഉര്‍ദു മാതൃഭാഷക്കാരായ നിരവധി പേര്‍ കേരളത്തില്‍ വന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇവര്‍ കച്ചവടം തുടങ്ങി.

അതുവഴി ഉര്‍ദുവുമായി ഇവിടെയുള്ള ജനങ്ങള്‍ പരിചയം സ്ഥാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ പ്രദേശങ്ങളിലെ മിലിട്ടറി ക്യാമ്പുകളും ഉര്‍ദു പ്രചാരണത്തിന് വേഗത കൂട്ടി. ജോലി ആവശ്യാര്‍ത്ഥം ഉര്‍ദു സംസാരിക്കുന്ന സ്റ്റേറ്റുകളില്‍ പോകുന്നവരും കുറവായിരുന്നില്ല. ഉപരി പഠനാവശ്യാര്‍ത്ഥം വെല്ലൂര്‍, ദയൂബന്ദ്, ലക്‌നൗ, ഡല്‍ഹി, അലീഗഡ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ വിരളമായിരുന്നില്ല. അതുവഴിയും കേരളത്തില്‍ ഉര്‍ദു പ്രചാരം നേടി. പഴയകാല മതപണ്ഡിതരില്‍ മിക്കവര്‍ക്കും ഉര്‍ദു ഭാഷ നല്ല വശമുണ്ടായിരുന്നു. ഉര്‍ദു കേരളത്തിനും കേരളം ഉര്‍ദുവിനും നല്‍കിയ സംഭാവനകള്‍ ചെറുതല്ല. കേരളത്തിലെ ആദ്യ ഉര്‍ദു നോവലിസ്റ്റ് സുലൈഖ ഹുസൈന്‍ വിട പറഞ്ഞത് നാല് വര്‍ഷം മുമ്പാണ്. കേരളത്തില്‍ ഉര്‍ദു കവിതകള്‍ വിരചിതമാവാന്‍ തുടങ്ങിയത് 1930 കളിലാണ്. അബ്ദുല്‍ കരീം സേഠ് അഖ്തര്‍, എസ്.എം. സര്‍വര്‍, മൂസാ നാസിഹ് എന്നിവര്‍ കേരളത്തിലെ പ്രസിദ്ധരായ ഉര്‍ദു കവികളാണ്. എസ്.എം സര്‍വറാണ് കേരളത്തിലെ ആദ്യത്തെ ഉര്‍ദു കവിത സമാഹാരമായ ‘അര്‍മഗാനേ കേരള’ രചിച്ചത്.

സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്‌കൂളുകളില്‍ ഉര്‍ദു സജീവമായി. നിരവധി അറബിക് കോളജുകളിലും ദര്‍സുകളിലും ഉര്‍ദു പഠനം ഊര്‍ജ്ജസ്വലതയോടെ നിലനില്‍ക്കുന്നു. കോളജ് തലത്തില്‍ ആദ്യമായി ഉര്‍ദു ആരംഭിച്ചത് തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ്. 1888ല്‍ കോളജ് സ്ഥാപിച്ചതുമുതലേ ഉര്‍ദു രണ്ടാം ഭാഷയായി പഠിപ്പിക്കപ്പെടുന്നു. ഉര്‍ദു ഭാഷയുടെ പുരോഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാന്‍ഗ്വേജിന്റെ (എന്‍.സി.പി.യു.എല്‍) ഉര്‍ദു ഡിപ്ലോമ കോഴ്‌സ് കോച്ചിങ് ക്ലാസുകള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും നടന്നുവരുന്നു. മലയാള ഭാഷക്ക് ഉര്‍ദുവിന്റെ സംഭാവനയായി നിരവധി വാക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്‍ഖിലാബ്, സിന്ദാബാദ്, മൂര്‍ദ്ദാബാദ്, സര്‍ക്കാര്‍, കദര്‍, മിഠായി, നാശ്ത, മൈതാനം തുടങ്ങി നിരവധി പദങ്ങള്‍ ഉര്‍ദുവിന്റെ സംഭാവനയാണ്.

ലോക പ്രസിദ്ധ ഉര്‍ദു കവി മിര്‍സാ അസദുല്ലാഖാന്‍ ഗാലിബിന്റെ വഫാത് ദിനമായ ഫെബ്രുവരി 15 ദേശീയ ഉര്‍ദു ദിനമായി ആചരിക്കുന്നു. ഫാഷിസം അധികാരത്തിലിരിക്കുമ്പോള്‍ ഉര്‍ദു ഭാഷയുടെ ഭാവി ആശങ്കയില്‍ തന്നെയാണ്. ഒരൊറ്റ ദേശം, ഒരൊറ്റ ഭാഷ എന്ന നിലപാട് സംഘികള്‍ക്കുള്ളില്‍ തിളക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഉര്‍ദു ഭാഷയോടുള്ള വിരോധമാണ് അങ്ങനെയൊരു നിലപാടിലെത്തിച്ചേരാന്‍ അവരെ പ്രേരിപ്പിച്ചത്. വൈവിധ്യങ്ങളുടെ ഇന്ത്യയെ അവര്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഉര്‍ദു ഭാഷയുടെ പുരോഗതിക്കായി സ്ഥാപിക്കപ്പെട്ട എന്‍.സി.പി.യു.എല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍പോലും സര്‍ക്കാര്‍ മരവിപ്പിച്ച മട്ടാണ്. അവര്‍ സംഘടിപ്പിക്കാറുള്ള ലോക ഉര്‍ദു സമ്മേളനം ഇപ്രാവശ്യം റദ്ദ് ചെയ്തത് സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടാണ്. ഉര്‍ദു ഭാഷയോടുള്ള വിരോധംമൂലം നിരവധി സ്ഥലനാമങ്ങള്‍ മാറ്റി. ഉര്‍ദുവുമായി ബന്ധപ്പെട്ട നിരവധി സ്മാരകങ്ങളുടെ ചരിത്രങ്ങള്‍ വളച്ചൊടിക്കുന്ന തിരക്കിലാണവര്‍. ഉര്‍ദുവിന്റെ പുരോഗതിക്കുവേണ്ട നടപടികളും നിലപാടുകളുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

SHARE