സന്ദേശ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; അടുത്ത തട്ടകം വിദേശക്ലബ്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേശ് ജിങ്കാന്‍ വിദേശ ക്ലബിലേക്ക്. ഇക്കാര്യത്തില്‍ താരവും ക്ലബും ധാരണയിലെത്തി. ആറു വര്‍ഷത്തിന് ശേഷമാണ് ആരാധകരുടെ പ്രിയതാരമായ ജിങ്കാന്‍ ക്ലബ് വിടുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ച 2014 മുതല്‍ ബ്ലാസ്റ്റേഴ്‌സിനു മാത്രമേ ജിങ്കാന്‍ പന്തു തട്ടിയിട്ടുള്ളൂ.

ഏതു വിദേശ ക്ലബിലേക്കാണ് പ്രതിരോധ താരം പോകുന്നത് എന്നതില്‍ വ്യക്തതയില്ല. സാമ്പത്തിക ബാദ്ധ്യതയും ജിങ്കാനുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതില്‍ ക്ലബിനെ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ജിങ്കാന്‍. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ജിങ്കാന്‍ കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം കളത്തിലിറങ്ങിയിരുന്നില്ല. 32 ഗോളുകള്‍ വഴങ്ങി ഏഴാം സ്ഥാനത്താണ് കേരള ക്ലബ് സീസണ്‍ അവസാനിപ്പിച്ചിരുന്നത്.

അടുത്ത സീസണില്‍ മുന്‍ ബഗാന്‍ കോച്ച് കിബു വിക്കുനയ്ക്ക് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച സീസണ്‍ ലക്ഷ്യമിടുന്ന വേളയിലാണ് ജിങ്കാന്‍ ടീം വിടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ ജിങ്കാന് പകരം മികച്ച ഒരാളെ തന്നെ ക്ലബിന് കണ്ടെത്തേണ്ടി വരും. ഈയിടെ ബംഗളൂരു എഫ്.സിയില്‍ നിന്ന് പ്രതിരോധ താരം നിഷു കുമാറിനെ ക്ലബ് ടീമിലെത്തിച്ചിരുന്നു.