സന്ദേശ് ജിങ്കന്‍ ബംഗളൂരു എഫ്.സിയില്‍

ബംഗളൂരു: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വസ്തനായ പിന്‍നിര താരം സന്ദേശ് ജിങ്കന്‍ ഐ-ലീഗ് ചാമ്പ്യന്‍ ക്ലബ്ബായ ബംഗളൂരു എഫ്.സിയില്‍. 2017-18 സീസണിലേക്കു വേണ്ടിയാണ് 23-കാരനെ ബംഗളൂരു ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ വാങ്ങിയത്. പുതിയ സീസണില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ബംഗളൂരു സ്വന്തമാക്കുന്ന ഏഴാമത്തെ കളിക്കാരനാണ് ജിങ്കന്‍.

പ്രതിരോധ നിരയില്‍ ബംഗളൂരുവിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ജിങ്കന്റെ സാന്നിധ്യം കാരണം കഴിയുമെന്ന് ബംഗളൂരു കോച്ച് ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു. അടുത്ത ഐ.എസ്.എലിനു മുമ്പ് ഐ-ലീഗ് സീസണ്‍ അവസാനിക്കുമെന്നതിനാല്‍ ജിങ്കനെ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിയാനാവും.

ഉയരം കൊണ്ടും കായികക്ഷമത കൊണ്ടും ശ്രദ്ധേയനായ ജിങ്കന്‍ 2011-ല്‍ യുനൈറ്റഡ് സിക്കിമിലൂടെയാണ് കളി തുടങ്ങുന്നത്. 2014-ല്‍ ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നു. പന്ത്രണ്ടു തവണ രാജ്യത്തെ പ്രതിനിധീകരിച്ച താരം ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ലോണില്‍ സ്‌പോര്‍ട്ടിങ് ഗോവ, ഡി.എസ്.കെ ശിവാജന്‍സ് എന്നിവര്‍ക്കു വേണ്ടി കളിച്ചിരുന്നു.

SHARE