ഡല്‍ഹി അക്രമങ്ങളെ ന്യായീകരിച്ച് സന്ദീപ് വാര്യര്‍; കേരളത്തിലും വേണമെന്ന് പ്രവര്‍ത്തകര്‍

കോഴിക്കോട്: ഡല്‍ഹിയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.എ.എ അനുകൂലികളെന്ന പേരില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടതിന് പിന്നാലെ അതിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ‘ക്ഷമക്കും ഒരു പരിധിയുണ്ട്. സംയമനം ഒരു ദൗര്‍ബല്യമല്ല’ എന്നാണ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഇതിന് കമന്റ് ബോക്‌സില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വന്‍ പിന്തുണയാണ് നല്‍കുന്നത്. ഏത് അക്രമത്തിനും തങ്ങള്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്നതാണ് ഓരോ കമന്റുകളും. ‘സമയം അതിക്രമിച്ചിരിക്കുന്നു…കയ്യുംകെട്ടി നോക്കിനിന്നിട്ട് അര്‍ത്ഥമില്ല.വമ്പന്‍ കലാപങ്ങളാണ് ശത്രുക്കള്‍ ലക്ഷ്യമിടുന്നത്.ഇതൊക്കെ അവര്‍ നടത്തുന്ന വെറും സാമ്പിള്‍ പരിപാടികള്‍.അടിച്ചൊതുക്കിയാല്‍ തീരില്ല ഈ കൃമികടി.പൊട്ടിക്കണം…അവന്മാരുടെ നെഞ്ചിന്‍കൂട് തകരുന്ന പൊട്ടീര്’-സുനില്‍ കുമാര്‍ ഉണ്ണിയെന്ന പ്രവര്‍ത്തകന്‍ ഈ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

‘എപ്പോഴും എല്ലാം പാര്‍ലമെന്റിലൂടെ തന്നെ നേടാം എന്നു വിചാരിക്കരുത്. പാര്‍ലമെന്റിലൂടെ നടക്കാത്തത് നടത്താന്‍ ദണ്ഡ കയ്യിലേന്തേണ്ടി വരും’- എന്നാണ് മറ്റൊരാളുടെ കമന്റ്.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടാന്‍ കാരണം ബി.ജെ.പി നേതാവായ കപില്‍ മിശ്രയുടെ ആഹ്വാനം അനുസരിച്ചായിരുന്നു. ഇതിന് പിന്തുണച്ചുകൊണ്ടുള്ള സന്ദീപ് വാര്യരുടെ നിലപാട് രാജ്യവ്യാപകമായി ഇത്തരത്തില്‍ ആര്‍.എസ്.എസ് സി.എ.എ വിരുദ്ധ സമരങ്ങളെ നേരിടാനൊരുങ്ങുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

SHARE