“വയനാട്ടിൽ നിന്നും ഓടിയത് ബി.ജെ.പിയല്ലേ”; അമിത് ഷാക്ക്‌ മറുപടിയുമായി സംവിധായകൻ

വയനാട്ടിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയതോടെ വർഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് മറുപടിയുമായി പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ. രാഹുൽ വന്നതോടെ വയനാട്ടിൽ ബിജെപി സ്ഥാനാർഥിക്ക് പകരം സഖ്യ സ്ഥാനാർഥിയെ നിർത്തി ഒളിച്ചോടിയ അമിത് ഷായെ കണക്കിന് പരിഹസിച്ചാണ് സനലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കേരളത്തില്‍ ഇടതുപക്ഷമല്ല മറിച്ച് പകയും ആണത്ത അധികാര ഹുങ്കും പഴയ കുറേ മുദ്രാവാക്യങ്ങളുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടാണ് എതിര്‍ പക്ഷത്ത് ആരായാലും നേതാക്കളും അണികളും ഇടംവലം നോക്കാതെ ആക്ഷേപിച്ചും അക്രമിച്ചും ഒറ്റപ്പെടുത്തിയും ഒതുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം…
രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിക്കാൻ സ്വന്തം ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താൻ മനോധൈര്യമില്ലാത്ത പാർട്ടിയാണ് അയാൾ അമേത്തിയിൽ നിന്ന് ഒളിച്ചോടിയെന്ന് പറഞ്ഞ് ആക്ഷേപിക്കാൻ നടക്കുന്നത്. അവരുടെ കണക്കിൽ ഇന്ത്യയെന്നാൽ ഉത്തരേന്ത്യയും വയനാടൊക്കെ ഓടിപ്പോകാനുള്ള സ്ഥലവുമാണ്. ബിജെപിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസിന് ഇപ്പോഴും ഇന്ത്യമുഴുവനും വേരുണ്ട് എന്നുമാണ് അത് സൂചിപ്പിക്കുന്നത്. സ്മൃതി ഇറാനിക്കെന്നല്ല സാക്ഷാൽ മോഡിക്കുപോലും കേരളത്തിൽ വന്നു നിന്ന് ജയിച്ചുപോകാൻ കഴിയില്ല. കേരളം അവരുടെ ഐഡിയയിൽ അത്രമാത്രം ഇന്ത്യയുമല്ല. അവരുടെ ഇന്ത്യ ഹിന്ദി സംസാരിക്കുന്ന ഹിന്ദുത്വം വിഴുങ്ങുന്ന ഒരിന്ത്യയാണ്. അവർക്കെങ്ങനെ അതു പറ്റും. പകരം അവർ പപ്പുവെന്ന് വിളിക്കും. യഥാർത്ഥ പപ്പുക്കളായ അനുയായികൾ അത് ഏറ്റുപാടും.