തോക്കുമായി അക്രമി അഴിഞ്ഞാടിയത് 12 മണിക്കൂര്‍; നാല് പേരെ വെടിവെച്ചു കൊന്നു

പിതാവും സഹോദരനും ഉള്‍പ്പെടെ നാലുപേരെ വെടിവച്ച് കൊന്ന് യുഎസിലെ ലോസ്ഏഞ്ചലസില്‍ തോക്കുകാരനായ അക്രമി അഴിഞ്ഞാടിയത് 12 മണിക്കൂര്‍. അമേരിക്കയുടെ ഹൃദയ നഗരമായ ലോസ്ഏഞ്ചലസില്‍ വ്യാഴാഴ്ചയായിരുന്നു അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെടിയുതിര്‍ത്തും കൊല നടത്തിയും 12 മണിക്കൂറോളം ഭീതി പടര്‍ത്തിയ ഇയാളെ പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.
ജെറി ഡീന്‍ സറാഗോസ എന്ന 26 കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബസിന് നേരെ നടത്തിയ വെടിവെപ്പിന് പിന്നാലെയാണ് പ്രതി പിടിയിലായത്. അതേസമയം അക്രമണത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

കനോക പാര്‍ക്ക് മേഖലയില്‍ ഇയാള്‍ നടത്തിയ അക്രമത്തിലാണ് പിതാവും സഹോദരനും കൊല്ലപ്പെട്ടത്. ഇയാളുടെ മാതാവിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സൗത്ത് ഹോളിവുഡില്‍ പ്രതി നടത്തിയ വെടിവെപ്പില്‍ ഒരു യുവതിയാണ് കൊല്ലപ്പെട്ടത്. ഇവിടെ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ മേഖലയിലെ ബാങ്കിന് സമീപം കവര്‍ച്ചയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇവിടെ നിന്നു ഒന്നും നഷ്ടപ്പെട്ടില്ലെന്നും പോലീസ് അറിയിച്ചു.

ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാള്‍ ബസ് യാത്രികന് നേരെ ആക്രമണം നടത്തിയത്. ബസിന് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പിന്നാലെയാണ് കൊനോഗാ പാര്‍ക്കിന് സമീപത്ത് വച്ച് ബലപ്രയോഗത്തോടെ പോലീസ് കീഴ്‌പ്പെടുത്തിയത്.

SHARE