കേരളത്തെ മിസ് ചെയ്യുന്നു; പൊറോട്ടയും ബീഫും കഴിക്കണമെന്നും സാമുവല്‍ റോബിന്‍സണ്‍

ന്യൂഡല്‍ഹി: മലയാള സിനിമയിലേക്ക് തിരിച്ചുവരുമെനന്ന് സാമുവല്‍ റോബിന്‍സണ്‍. സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച താരമാണ് സാാമുവല്‍ റോബിന്‍സണ്‍.

കേരളത്തെ ഞാന്‍ ഇടക്കിടെ ഓര്‍ക്കാറുണ്ട്. ഇടക്കൊരു ഉദ്ഘാടനച്ചടങ്ങിന് അവിടെ വന്നിരുന്നു. ഇപ്പോള്‍ ഞാന്‍ ഡല്‍ഹിയിലാണ്. ഒരു ദിവസം അവിടെ വരാനാകുമെന്നാണ് പ്രതീക്ഷയെന്നും സാമുവല്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുകിട്ടിയ അത്രയും സ്‌നേഹവും പിന്തുണയും എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. നിങ്ങളോടെനിക്ക് സ്‌നേഹമാണ്. ഞാന്‍ തിരികെ വരാന്‍ കാത്തിരിക്കുകയാണ്. ലോകത്തിനാകെ മോശം സമയമാണിത്. ഇന്ത്യയുടെ അത്രയും ഇല്ലെങ്കിലും നൈജീരിയയിിലും രോഗവ്യാപനം ഉണ്ട്. ചില മലയാളം സിനിമകള്‍ കിട്ടിയതായിരുന്നു.എന്നാല്‍ കോവിഡ് കാരണം അതെല്ലാം പോയി. വ്യക്തിപരമായി എന്നേയും ബാധിച്ചു. ഇതെല്ലാം തീരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അതെന്നാകും എന്നെനിക്കറിയില്ല. നമ്മളിതിനെ അതിജീവിക്കുമെന്ന് കരുതാം. ഇന്ത്യയില്‍ എല്ലായിടത്തും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ കേരളത്തെയാണ് സത്യം പറഞ്ഞാല്‍ മിസ് ചെയ്യുന്നത്. കേരളത്തെ പോലെ ആഫ്രിക്കക്കാരെ സ്വീകരിക്കുന്ന മറ്റൊരിടവുമില്ല. ചില മോശം അനുഭവങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മിക്കവരും നല്ലവരാണെന്നും സുഡാനി പറഞ്ഞു.

കേരളത്തിലെ ജനങ്ങളെപ്പോലെത്തന്നെ അവിടത്തെ പൊറോട്ടയും ബീഫ് ഫ്രെയും എനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും അവിടെ വന്ന് പൊറോട്ടയും ബീഫും കഴിക്കണമെന്നും സാമുവല്‍ കൂട്ടിച്ചേര്‍ത്തു. സിനിമകളുടെ ചര്‍ച്ചകള്‍ പലതും നടക്കുന്നുണ്ടെന്നും സാമുവല്‍ പറഞ്ഞു. സുഡാനിയുടെ ജന്‍മദിനമായ ഇന്ന് ഒരു ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

SHARE