നാലു കൊല്ലമായി രാജ്യം ഭരിക്കുന്നത് താനാണെന്ന കാര്യം മോദി മറന്നു; രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലായതിന് കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് തമാശ: ശിവസേന

മുംബൈ: രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് തമാശയാണെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്. ലേഖനത്തില്‍ നാലു കൊല്ലമായി രാജ്യം ഭരിക്കുന്നത് താനാണെന്ന കാര്യം മോദി മറക്കുകയാണ് തുടങ്ങിയ ശക്തമായ പരിഹാസമാണ് നടത്തിയിരിക്കുന്നത്.

നോട്ടുനിരോധനത്തെ രഘുറാം രാജന്‍ (മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍) എതിര്‍ത്തിരുന്നു. പരസ്യത്തിനായി കോടികള്‍ കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു. ഇത് പൊതുഖജനാവ് കൊള്ളയടിക്കലാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ കള്ളന്മാരാണ്. സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ അത്യാര്‍ത്തിയാണ്. അതുകൊണ്ട് അവര്‍ രഘുറാം രാജനെ പുറത്താക്കി.

രാജ്യത്തെ ഇന്ധനവില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. താമസിയാതെ പെട്രോള്‍ വില 100രൂപ കടക്കും. തൊഴില്‍രഹിതരായ യുവാക്കള്‍ തെരുവില്‍ അരാജകത്വം സൃഷ്ടിക്കും. ഈ ഭരണത്തില്‍ കര്‍ഷകരും അസന്തുഷ്ടരാണ്. ഭക്ഷണ വസ്തുക്കളുടെയും പാചക വാതകത്തിന്റെയും സി.എന്‍.ജിയുടെയും വില കുതിച്ചുയരുകയാണ്. പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞു വരികയാണ്. സാമ്ന ലേഖനം പറയുന്നു.

രൂപയുടെ മൂല്യം കുറയുമ്പോഴും സാമ്പത്തികനില ഭദ്രമാണെന്ന് വ്യാജപ്രചരണം അഴിച്ചുവിടുകയാണ്. ഇതിലൂടെ ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ പരാജയപ്പെടുകയാണ്.രൂപയുടെ മൂല്യം കൂപ്പുകുത്തുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നില തകരാറിലായതിന് മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്ന് ശിവസേന.

ഇന്ത്യന്‍ കറന്‍സി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ ലോകത്തെ ആറാമത്തെ സമ്പദ്വ്യവസ്ഥയാണ് നമ്മുടേതെന്ന് പറയുമ്പോള്‍ ചിരി വരുന്നു.ഇതൊന്നും ലോകത്തിലെ ആറാമത്തെ സമ്പദ് വ്യവസ്ഥയുടെ ലക്ഷണമല്ല. സമ്പദ് വ്യവസ്ഥ തകരാറിലായതിന് കോണ്‍ഗ്രസിനെയും രഘുറാം രാജനെയും കുറ്റം പറയുന്നത് തമാശയാണ് ലേഖനം പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞ് നൂറിലെത്തുമെന്നും ലേഖനം പറയുന്നുണ്ട്.