കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത് പുതിയ ചരിത്രം തീര്‍ക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരേയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറും. സമീപകാലത്ത് കോഴിക്കോട് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധ സംഗമത്തിനാണ് ഇന്ന് നഗരം സാക്ഷിയാകുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചമുതല്‍ കടപ്പുറത്തേക്ക് ഒഴുകിയെത്തും. സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ച് ഇന്നലെ പള്ളികളില്‍ ജുമുഅയോട് അനുബന്ധിച്ച് പ്രഭാഷണം നടന്നു. സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സമസ്തയുടെ കീഴ്ഘടകങ്ങളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നാടെങ്ങും വിളംബരറാലികള്‍ നടന്നു.
സമസ്തയുടെ സമുന്നത നേതാക്കള്‍ക്കൊപ്പം വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും എം.പിമാരും സമ്മേളനത്തില്‍ സംബന്ധിക്കും.വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാവും. പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കെ. ശങ്കരനാരായണന്, സി.കെ.എം സ്വാദിഖ് മുസ്ലിയാര്, പി.കെ.പി അബ്ദുസലാം മുസ്ലിയാര്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.കെ രാഘവന് എം.പി, എളംമരംകരീം എം.പി, ബിനോയ് വിശ്വം എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, യു.എം അബ്ദുറഹിമാന് മുസ്ലിയാര്, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സി.കെ നാണു എം.എല്‍.എ, അഡ്വ.പി.ടി.എ റഹീം, ഇ.കെ വിജയന് എം.എല്‍.എ, സമാജ്വാദി പാര്‍ട്ടി ദേശീയ സെക്രട്ടറി ജോ ആന്റണി. പി. സുരേന്ദ്രന്, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിക്കും. എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതവും ഉമര്‍ ഫൈസി മുക്കം നന്ദിയും പറയും.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.