സല്‍മാന്‍ ഇനി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍; ബോളിവുഡിന് നഷ്ടം 1000 കോടി

മുംബൈ: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് താരം ജയിലിലേക്ക്. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടെ വിധിയില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കും സല്‍മാന്‍ തടവുശിക്ഷ അനുഭവിക്കുക.

സല്‍മാന്‍ഖാന്‍ ജയിലിലാവുന്നതോടെ താരം അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ അരഡസനോളം ബോളിവുഡ് ചിത്രങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ചിത്രമാണ് റേസ്3. 100 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന റേസ് 3യുടെ നിര്‍മ്മാതാവിന്റെ റോളിലാണ് സല്‍മാനുള്ളത്. റേസ് 3 ഈദിന് റിലീസ് ചെയ്യും. കൂടാതെ സല്‍മാന്‍ അവതരിപ്പിക്കുന്ന ചില ടെലിവിഷന്‍ ഷോകളും മുടങ്ങുന്നതോടെ 1000 കോടിയോളം രൂപയുടെ പ്രതിസന്ധി വിനോദവ്യവസായത്തിലുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ സല്‍മാന് അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ കൂട്ടുപ്രതികളെ വെറുതെ വിട്ടു. ബോളിവുഡ് താരങ്ങളായ സൈഫുലിഖാന്‍, തബു, സൊനാലി ബെന്ദ്രെ, നീലം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കേസില്‍ കുറ്റാരോപിതരായ ബോളിവുഡ് താരങ്ങള്‍ ഇന്നലെ തന്നെ ജോധ്പൂരിലെത്തിയിരുന്നു. സൈഫുലിഖാന്‍, സൊനാലി ബെന്ദ്രെ, തബു തുടങ്ങിയ താരങ്ങളാണ് കേസ് നടക്കുന്ന ജോധ്പൂര്‍ കോടതിയിലെത്തിയത്.