തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അടുത്തമാസം നാലു മുതല്‍ ലഭിക്കും. ആറു ദിവസത്തെ ശമ്പളം മാറ്റിവെച്ചാകും വിതരണം. ഗവര്‍ണര്‍ ഒപ്പിട്ടതോടെ ബില്‍ നിയമമായെങ്കിലും പ്രതിപക്ഷ സംഘടനകള്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീല്‍ പോയാല്‍ നടപടി വൈകും എന്നതിനാലാണ് സംസ്ഥാനം തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് എമ്ര്‍ജന്‍സീസ് സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്ന പേരിലാണ് ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുമോയെന്നത് ഏറെ നിര്‍ണായകമായിരുന്നു.