ലിവര്‍പൂളിന് ജയം : റെക്കോര്‍ഡു നേട്ടവുമായി സലാഹ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം. ക്രിസ്റ്റല്‍പാലസിനെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ലിവര്‍പൂളിനായി. കളിയുടെ അവസാന മിനുട്ടില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് നേടിയ ഗോളിലാണ് ലിവര്‍പൂള്‍ ജയിച്ചു കയറിയത്. ഗോളോടെ പ്രീമിയര്‍ ലീഗില്‍ രണ്ടു റൊക്കോര്‍ഡുകള്‍ സ്വന്തമാക്കാനും സലാഹിനായി.

കളിയില്‍ ആദ്യം മുന്നിലെത്തിയത് ക്രിസ്റ്റല്‍ പാലസാണ്. പതിമൂന്നാം മിനുട്ടില്‍ വില്‍ഫ്രഡ് സാഹയെ ഗോള്‍കീപ്പര്‍ ക്യാരിസ് ഫൗള്‍ ചെയ്തതിന് ലഭിച പെനാല്‍ട്ടി മിലിവേചിസിച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഒരു ഗോള്‍ വഴങ്ങിയ ലിവര്‍പൂള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒപ്പമെത്തി. ജെയിംസ് മില്‍നര്‍ നല്‍കിയ പാസ്സില്‍ സാഡിയോ മാനെയാണ് ലിവര്‍പൂളിനായി വലചലിപ്പിച്ചത്. പിന്നിട് വിജയ ഗോളിനായി ഇരുടീം കിണഞ്ഞു ശ്രമിച്ചെങ്കിലും 84-ാം മിനുട്ടില്‍ മുഹമ്മദ് സലാഹിലൂടെ വിജയവും ഒപ്പം വിലപ്പെട്ട മൂന്നു പോയന്റും ലിവര്‍പൂള്‍ സ്വന്തമാക്കുകയായിരുന്നു.

 

ക്രിസ്റ്റല്‍പാലസിനെതിരായ ഗോള്‍ നേട്ടത്തോടെ സീസണില്‍ മിന്നും ഫോമിലുള്ള സലാഹിന് രണ്ടു റെക്കോര്‍ഡിന് ഒപ്പമെത്തനായി . ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആഫ്രിക്കന്‍ താരമെന്ന റെക്കോര്‍ഡാണ് ഒന്ന്. ചെല്‍സിക്കായി 2009-10 സീസണില്‍ ഐവറികോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബ(29 ഗോള്‍)യുടെ നേട്ടത്തിനൊപ്പമാണ് സലാഹും. രണ്ടാമത്തെ റെക്കോര്‍ഡ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോളുനേടുന്ന താരമെന്ന ഖ്യാതിയാണ്. നടപ്പു സീസണില്‍ 21 മത്സരങ്ങളില്‍ സലാഹ് ഗോള്‍ നേടിയിട്ടുണ്ട്. 2007-08 സീസണില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 2012-13 സീസണില്‍ റോബിന്‍ വാന്‍ പേഴ്‌സിയും 21 മത്സരങ്ങള്‍ ഗോള്‍ നേടിയിട്ടുണ്ട്. ലീഗില്‍ ആറു മത്സരങ്ങള്‍ ശേഷിക്കെ ഇപ്പോള്‍ പങ്കിടുന്ന ഈ രണ്ടു റെക്കോര്‍ഡും സ്വന്തം പേരില്‍ തനിച്ചാക്കാന്‍ ഒരു ഗോള്‍മാത്രം മതി സലാഹിന്.

SHARE