സലാഹിന് ഗോള്‍; ലിവര്‍പൂളിന് മിന്നും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ സാദിയോ മാനെയുടെയും മുഹമ്മദ് സലാഹിന്റെയും ഗോള്‍ മികവില്‍ ലിവര്‍പുളിന് ജയം. ലീഗിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഹാം യുണെറ്റഡിനെ നേരിട്ട റെഡ്‌സ് മറുപടിയില്ലാത്ത നാലു ഗോളിനാണ് ജയിച്ചു കയറിയത്. 19-ാം മിനുട്ടില്‍ റോബര്‍ട്ട്‌സണിന്റെ അസിസ്റ്റില്‍ സലാഹാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. കഴിഞ്ഞ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരം അതേ ഫോം നിലനിര്‍ത്തുന്ന പ്രകടനമാണ് കളത്തില്‍ പുറത്തെടുത്തത്.

47, 53 മിനുട്ടുകളിലായിരുന്നു സെനഗല്‍ താരം മാനെയുടെ ഗോളുകള്‍. 87-ാം മിനുട്ടില്‍ സലായ്ക്ക് പകരക്കാരനായി എത്തിയ സ്റ്ററിഡിജ് ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ലിവര്‍പൂളിന്റെ പുതിയ താരങ്ങളായ ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസണ്‍, സ്വിസ്സ് താരം ഹെര്‍ദാന്‍ ഷാഖിരി എന്നിവരും മത്സരത്തിനിറങ്ങി. സാദിയോ മാനെയെ പിന്‍ വലിച്ചാണ് കോച്ച് ക്ലോപ്പ് ഷാഖിരിയെ ഇറക്കിയത്. അതേസമയം പരിക്കിന്റെ പിടിയിലായ ഫാബിഞ്ഞോ കളിച്ചില്ല.

കഴിഞ്ഞദിവസം ആദ്യ മത്സരത്തില്‍ മുന്‍ചാമ്പ്യന്‍മാരായ ചെല്‍സി ഹഡര്‍ഫീല്‍ഡ് ടൗണിനേയും മാഞ്ചസ്റ്റര്‍ യുണൈഡ് ലെസിസ്റ്ററിനേയും തോല്‍പ്പിച്ചിരുന്നു.